യൂറോപ്പിലെ ഫുട്‌ബോൾ ലീഗുകൾ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ടോപ് ഫൈവ് ലീഗുകളിൽ കിരീടത്തിനായി മികച്ച പോരാട്ടം നടക്കുന്നതോടൊപ്പം ടോപ് സ്‌കോറർക്ക് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിനായും താരങ്ങൾ മത്സരിക്കുകയാണ്. എന്നാൽ യൂറോപ്പിലെ ടോപ് ഡിവിഷൻ ലീഗുകളിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരന് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിലേക്കാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.
1968 ൽ ആരംഭിച്ച ഈ പുരസ്‌കാരം യൂറോപ്പിലെ ഏതെങ്കിലും ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനാണ് നൽകിവന്നിരുന്നത്. ലീഗുകളുടെ നിലവാരവും കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും പരിഗണിക്കാതെയായിരുന്നു പുരസ്‌കാര ദാനം. 1996-97 സീസൺ മുതലാണ് യൂറോപ്യൻ സ്‌പോർട്‌സ് മീഡിയ ഗോൾഡൻ ഷൂ പുരസ്‌കാരം പോയിന്‍റ് അടിസ്ഥാനത്തിലാക്കിയത്. അത് ചെറിയ ലീഗുകളിലെ കളിക്കാരനേക്കാൾ കുറച്ച് ഗോളുകൾ നേടിയാലും ടോപ് ഫൈവ് ലീഗിലെ താരത്തിന് പുരസ്‌കാരം നേടാനാകും.
അവസാന അഞ്ച് സീസണുകളിലെ യൂറോപ്യൻ മത്സരങ്ങളിലെ ഓരോ ലീഗിന്‍റെയും ക്ലബുകളുടെ ഫലങ്ങളെയും അടിസ്ഥാനമാക്കിയാണ് ലീഗുകൾക്ക് റാങ്കിങ് നൽകുന്നത്. ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ നേടുന്ന ഗോളുകൾക്ക് രണ്ട് പോയിന്‍റ് വീതവും ആറ് മുതൽ 22 വരെ റാങ്കിലുള്ള ലീഗുകളിൽ നേടുന്ന ഗോളുകൾക്ക് 1.5 പോയിന്‍റ് വീതവും നൽകുന്നു. 22ന് താഴെയുള്ള ലീഗുകൾക്ക് ഒരു പോയിന്‍റ് എന്ന നിലയിലാണ് യുവേഫ തരംതിരിച്ചിട്ടുള്ളത്.
അതിനാൽ, ഉയർന്ന റാങ്കിലുള്ള ലീഗുകളിൽ നേടുന്ന ഗോളുകൾ ദുർബലമായ ലീഗുകളിൽ നേടിയതിനേക്കാൾ കൂടുതലായി കണക്കാക്കും. ഈ മാറ്റം പ്രാബല്യത്തിൽ വന്നതിന് ശേഷം ടോപ് ഫൈവ് ലീഗിന് പുറത്തുനിന്നും രണ്ട് താരങ്ങൾ മാത്രമാണ് ഈ പുരസ്‌കാരം നേടിയിട്ടുള്ളത്. 1998ൽ പോർട്ടോയ്‌ക്ക് വേണ്ടിയും 2002ൽ സ്‌പോർട്ടിങ് ക്ലബിന് വേണ്ടിയും കളിച്ച സമയത്ത് പോർച്ചുഗീസ് ലീഗിലെ താരമായിരുന്ന മാരിയോ ജാർഡൽ ഈ പുരസ്‌കാരം നേടി. 2001 ൽ സ്‌കോട്ടിഷ് ലീഗിലെ സെൽറ്റിക് താരമായിരുന്ന ഹെൻറിക് ലാർസനും ഈ നേട്ടത്തിനർഹനായി.
അവസാന സീസണിൽ നിലവിൽ ബാഴ്‌സലോണ താരമായ റോബർട്ട് ലെവൻഡോവ്‌സ്‌കി പുരസ്‌കാരനേട്ടത്തിന് അർഹനായി. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി പന്ത് തട്ടിയ താരം 35 ഗോളുകളുമായാണ് യൂറോപ്പിന്‍റെ നെറുകയിലെത്തിയത്. പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ, റയൽ താരം കരിം ബെൻസേമ, സിരി എ ക്ലബായ ലാസിയോയുടെ സിറോ ഇമ്മൊബൈൽ എന്നിവരെ പിന്തള്ളിയാണ് പോളിഷ് സ്‌ട്രൈക്കറുടെ പുരസ്‌കാരം നേട്ടം.
ഗോൾ മെഷീൻ ഹാലണ്ട്: ഇത്തവണയും പുരസ്‌കാരം സ്വന്തമാക്കാനുള്ള പോരാട്ടം പുരോഗമിക്കുകയാണ്. ടോപ് ഫൈവ് ലീഗുകളിലെ ഗോൾവേട്ടക്കാരുടെ ഗോൾഡൻ ബൂട്ട് പട്ടികയിലെ സ്ഥാനങ്ങൾ നോക്കാം. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടാണ് ഇത്തവണത്തെ ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിന് ഏറ്റവും മുൻപിലുള്ളത്. 2022 സമ്മർ സീസണിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്‌മുണ്ടിൽ നിന്നും 60 മില്യൺ യുറോ മുടക്കിയാണ് സിറ്റി താരത്തെ സ്വന്തമാക്കിയത്. നിലവിൽ പ്രീമിയർ ലീഗിൽ 30 ഗോളുകൾ തികച്ച താരം 60 പോയിന്‍റുമായാണ് പട്ടികയിൽ ഒന്നാമതുള്ളത്. ലീഗിൽ സിറ്റിക്ക് ഒൻപത് മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ താരത്തിൽ നിന്ന് കൂടുതൽ ഗോളുകൾ പ്രതീക്ഷിക്കാം.
23 ഗോളുകളുമായി 46 പോയിന്‍റുള്ള ടോട്ടൻഹാം താരം ഹാരി കെയ്‌നാണ് പട്ടികയിൽ രണ്ടാമത്. നിലവിലെ ഏറ്റവും മികച്ച ഒമ്പതാം നമ്പറായ ഇംഗ്ലീഷ് നായകൻ മൂന്ന് തവണ ഗോൾഡൻ ബൂട്ട് ജേതാവാണ്. നാപോളിയുടെ സ്വപ്‌നക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന വിക്‌ടർ ഒസിമെൻ ആണ് മൂന്നാമത്. 21 ഗോളുകളാണ് 24-കാരനായ നൈജീരിയൻ സ്ട്രൈക്കറുടെ സമ്പാദ്യം.
തുർക്കി ക്ലബ് ഫെനർബാഷെ താരമായ കൊളംബിയൻ സ്ട്രൈക്കറാണ് നാലാമത്. ഗോളുകളുടെ എണ്ണത്തിൽ ഹാരി കെയ്‌ൻ, ഒസിമെൻ എന്നിവരെക്കാൾ മുന്നിലാണെങ്കിലും തുർക്കി ലീഗ് ടോപ് ഫൈവിൽ ഉൾപ്പെടാത്തതാണ് താരം നാലാമതായി തുടരാൻ കാരണം. ഫെനർബാഷെയ്‌ക്കായി ലീഗിൽ 26 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും 1.5 പോയിന്‍റ് അടിസ്ഥാനമാക്കുമ്പോൾ 39 പോയിന്‍റ് മാത്രമാണ് താരത്തിനുള്ളത്. 19 ഗോളുകൾ വീതം നേടിയ കിലിയൻ എംബാപ്പെ, ലിയോൺ താരം അലക്‌സാണ്ട്രെ ലാകസെറ്റെ, ലില്ലി താരം ജൊനാഥൻ ഡേവിഡ് എന്നിവരാണ് 5,6,7 സ്ഥാനങ്ങളിലുള്ളത്.
25 ഗോളുകളുമായി നോർവീജിയൻ ക്ലബായ ബോഡോ ഗ്ലിംറ്റ് താരം അമാൽ പെല്ലെഗ്രിനി എട്ടാമതും ബ്രെന്‍റ്‌ഫോർഡ് താരം ഇവാൻ ടോണി (18 ഗോളുകൾ) ഒമ്പതാമതും, 18 ഗോളുകളുമായി റെയിംസ് താരം ഫൊലാറിൻ ബലോഗൺ 10-ാം സ്ഥാനത്തും തുടരുന്നു. കഴിഞ്ഞ വർഷത്തെ ജേതാവായ റോബർട്ടോ ലെവൻഡോസ്‌കി 17 ഗോളുകളുമായി 11-ാം സ്ഥാനത്താണ്. ആറ് തവണ പുരസ്‌കാരം നേടിയ മെസി 21-ാം സ്ഥാനത്തും നെയ്‌മർ 28-ാമതും ആണ്.