ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗം സ്വര്‍ണം നിലനിര്‍ത്തിയ സന്തോഷത്തിലാണ് ഇന്ത്യന്‍ താരം സത്യന്‍ ജ്ഞാനശേഖരന്‍. ശരത് കമല്‍, ഹര്‍മീത് ദേശായി എന്നിവര്‍ക്കൊപ്പമാണ് സത്യന്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. മത്സരത്തിന്‍റെ ഫൈനലില്‍ സിംഗപ്പൂരിനെ 3-1നാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.
ബര്‍മിങ്‌ഹാമിലെ വിജയം മധുരമുള്ളതാണെന്ന് സത്യന്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. നമുക്കെല്ലാവർക്കും വളരെ സവിശേഷമായ നിമിഷങ്ങളിൽ ഒന്നാണിത്. കിരീടം നിലനിര്‍ത്താനായതില്‍ സന്തോഷമുണ്ട്. വിജയം എല്ലാവരുടേതുമാണ്.
തങ്ങളുടെ നേട്ടം വരും തലമുറയ്‌ക്ക് പ്രതീക്ഷ നൽകുകയും പ്രചോദനമാവുകയും ചെയ്യും. ഇതവര്‍ക്ക് മുന്നില്‍ പുതിയ മാനദണ്ഡം സ്ഥാപിക്കുകയും കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണെന്നും സത്യന്‍ വ്യക്തമാക്കി.
വിജയം നാട്ടില്‍ നിന്നും പിന്തുണച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതായും താരം പറഞ്ഞു. ഈ വര്‍ഷം തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായി. കോമണ്‍വെല്‍ത്ത് ഡബിള്‍സ് മത്സരത്തില്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും സത്യന്‍ പറഞ്ഞു.
ഉയര്‍ന്ന സമ്മര്‍ദമുള്ള മത്സരമായിരുന്നു ഇത്. തുടക്കം മുതൽ വളരെ ആക്രമണോത്സുകമായി കളിക്കാനാണ് ശ്രമം നടത്തിയത്. മത്സരത്തിന്‍റെ ഗതിയെ നിര്‍ണയിച്ചത് അതാണെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. 2002ലാണ് ടേബിള്‍ ടെന്നിസ് കോമണ്‍വെല്‍ത്തിന്‍റെ ഭാഗമാവുന്നത്. ഇതേവരെ ഈ ഇനത്തില്‍ ഏഴ് സ്വര്‍ണം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
ആവേശം നിറഞ്ഞ ഫൈനല്‍: ഡബിള്‍സ് മത്സരത്തില്‍ സിംഗപ്പൂരിന്‍റെ യോങ് ക്വെക് - യു പാങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത ഹര്‍മീത് ദേശായി - സത്യന്‍ ജ്ഞാനശേഖരന്‍ സഖ്യത്തിന്‍റെ പ്രകടനത്തോടെയായിരുന്നു ഇന്ത്യ ഫൈനല്‍ ആരംഭിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 13-11, 11-7, 11-5 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ ജയം പിടിച്ചത്.
രണ്ടാമതായി നടന്ന സിംഗിള്‍സ് മത്സരത്തില്‍ ശരത് കമല്‍ ക്ലാരന്‍സ് ച്യുവിനോട് 1-3ന് തോറ്റതോടെ സിംഗപ്പൂര്‍ ഒപ്പമെത്തി. എന്നാല്‍ തുടര്‍ന്ന് നടന്ന സിംഗിള്‍സ് മത്സരങ്ങളില്‍ 3-1ന് യു പാങ്ങിനെ സത്യനും, ക്ലാരന്‍സ് ച്യുവിനെ 3-0ന് ഹര്‍മീത് ദേശായും തകര്‍ത്തതോടെ ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചു.