ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തോടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് വോള്‍വ്‌സിനെ തകര്‍ത്ത സംഘം പോയിന്‍റ് പട്ടികയില്‍ ആധിപത്യം നേടി. ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റ് നേടിയാല്‍ പെപ് ഗ്വാർഡിയോളയുടെ ടീമിന് ലിവർപൂളിന്‍റെ വെല്ലുവിളി മറികടന്ന് കിരീടമുറപ്പിക്കാം.
മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി വോള്‍വ്‌സിനെ തരിപ്പണമാക്കിയത്. നാല് ഗോളുകളുമായി കെവിൻ ഡി ബ്രുയിൻ നിറഞ്ഞാടിയ മത്സരത്തില്‍ റഹീം സ്റ്റര്‍ലിങ്ങും സിറ്റിക്കായി ലക്ഷ്യം കണ്ടു. ലിയാൻഡർ ഡെൻഡോങ്കറാണ് വോള്‍വ്‌സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെ കെവിൻ ഡി ബ്രുയിൻ സിറ്റിയെ മുന്നിലെത്തിച്ചെങ്കിലും 11ാം മിനിട്ടില്‍ ലിയാൻഡറിലൂടെ വോള്‍വ്‌സ് തിരിച്ചടിച്ചു. എന്നാല്‍ 16, 24 മിനിട്ടുകളില്‍ ഗോള്‍ നേടി ഹാട്രിക് തികച്ച കെവിൻ ഡി ബ്രുയിൻ 60ാം മിനിട്ടിലും ലക്ഷ്യം കണ്ടതോടെ സിറ്റി ബഹുദൂരം മുന്നിലെത്തി. 84ാം മിനിട്ടിലാണ് സ്റ്റര്‍ലിങ് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
also read: ഇന്‍റര്‍ മിലാന് കോപ്പ ഇറ്റാലിയ കിരീടം ; യുവന്‍റസിന് കിരീടമില്ലാ സീസണ്‍
മത്സരത്തിന്‍റെ 67 ശതമാനവും പന്ത് കൈവശം വെയ്ക്കാനും സിറ്റിക്ക് കഴിഞ്ഞിരുന്നു. വിജയത്തോടെ സിറ്റിക്ക് 36 മത്സരങ്ങളില്‍ നിന്നും 89 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ഇത്രയും മത്സരങ്ങളില്‍ നിന്നും 86 പോയിന്‍റാണുള്ളത്.
ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ലിവര്‍പൂളിന് പരാമവധി 92 പോയിന്‍റ് മാത്രമെ ആവുകയുള്ളൂ. എന്നാല്‍ നാല് പോയിന്‍റ് നേടിയാല്‍ സിറ്റിക്ക് 93 പോയിന്‍റോടെ കിരീടമുറപ്പിക്കാം.