ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ബേണ്‍മൗത്തിനെ ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ നാണം കെടുത്തിയത്. ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ കഴിയാതിരുന്ന ക്ലോപ്പിന്‍റെ സംഘം ബേണ്‍മൗത്തിനെതിരെ കലിപ്പടക്കുകയായിരുന്നു.
ചെമ്പടയ്‌ക്കായി റൊബേര്‍ട്ടോ ഫിര്‍മിന്യോയും ലൂയിസ് ഡയസും ഇരട്ട ഗോളുകള്‍ നേടി. ഹാര്‍വി എല്ല്യട്ട്, ട്രെന്‍റ് അലക്‌സാന്‍ഡര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ ഡെക്ക്, ഫാബിയോ കാര്‍വലോ എന്നിവരും സംഘത്തിനായി ലക്ഷ്യം കണ്ടു. ബേണ്‍മൗത്തിന്‍റെ പ്രതിരോധതാരം ക്രിസ് മെഫാമിന്‍റെ സെല്‍ഫ് ഗോളാണ് ലിവര്‍പൂളിന്‍റെ പട്ടികയിലുള്ള മറ്റൊരു ഗോള്‍.
ഫുള്‍ഹാമിനോടും ക്രിസ്റ്റല്‍ പാലസിനുമെതിരെ സമനിലയും തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വിയും വഴങ്ങി വലിയ സമ്മര്‍ദത്തിലായിരുന്നു ചെമ്പട ബേണ്‍മൗത്തിനെതിരെ കളിക്കാനിറങ്ങിയത്. യുണൈറ്റഡിനോട് തോറ്റ ടീമില്‍ നിന്നും ഒരു മാറ്റവും സംഘം വരുത്തി. ജെയിംസ് മില്‍നറെ പുറത്തിരുത്തി ഫാബിഞ്ഞോയ്‌ക്ക് അവസരം നല്‍കുകയായിരുന്നു.
മത്സരത്തിന്‍റെ മൂന്നാം മിനിട്ടില്‍ തന്നെ ലിവര്‍പൂള്‍ ഗോളടി തുടങ്ങി. ഡയസാണ് ആദ്യം ലക്ഷ്യം കണ്ടത്. ആറാം മിനിട്ടില്‍ ഹാര്‍വി എല്ല്യട്ടും, 28ാം മിനിട്ടില്‍ ട്രെന്‍റും ലീഡ് ഉയര്‍ത്തി. ആദ്യ മൂന്ന് ഗോളുകള്‍ക്കും വഴിയൊരുക്കിയ ഫിര്‍മിന്യോയാണ് 31ാം മിനിട്ടില്‍ സംഘത്തിന്‍റെ നാലാം ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കും മുമ്പ് ലിവര്‍പൂള്‍ അഞ്ചാം ഗോളും നേടി.
വാന്‍ ഡെക്കിന് വഴിയൊരുക്കിയത് റോബര്‍ട്ട്‌സണാണ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രിസ് മെഫാം സെല്‍ഫ് ഗോളടിച്ചതോടെ ലിവര്‍പൂള്‍ ആറ് ഗോളിന് മുന്നിലെത്തി. 62ാം മിനിട്ടില്‍ ഫിര്‍മിന്യോ തന്‍റെ രണ്ടാം ഗോള്‍ നേടി. 80ാം മിനിട്ടില്‍ ഫാബിയോ കാര്‍വലോയും വലകുലുക്കിയതോടെ ലിവര്‍പൂള്‍ ബഹുദൂരം മുന്നിലെത്തി.
ഒടുവില്‍ 85ാം മിനിട്ടില്‍ ഡയസ് വീണ്ടും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്‍റെ ഗോള്‍ പട്ടിക തികയ്‌ഞ്ഞു. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും ബേണ്‍മൗത്തിനെ മുന്നേറാന്‍ ലിവര്‍പൂള്‍ അനുവദിച്ചിരുന്നില്ല. 70 ശതമാനവും പന്ത് കൈവശം വച്ച സംഘം 12 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തപ്പോള്‍ എട്ട് കോര്‍ണറുകളും നേടിയെടുത്തു. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തെത്താന്‍ ക്ലോപ്പിന്‍റെ സംഘത്തിന് കഴിഞ്ഞു.
പ്രീമിയര്‍ ലീഗ് റെക്കോഡ്: പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ലിവര്‍പൂള്‍ ബേണ്‍മൗത്തിനെതിരെ നേടിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു ടീം ഒമ്പത് ഗോളിന് ജയിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 1995ൽ ഇപ്‌സ്‌വിച്ചിനെയും കഴിഞ്ഞ വർഷം സതാംപ്ടണിനെയും ഇതേ സ്‌കോറിനാണ് തോൽപ്പിച്ചത്. 2019ൽ സതാംപ്ടണിനെതിരെ ലെസ്റ്ററും ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്ക് ജയിച്ചിരുന്നു.
യുണൈറ്റഡിന് രണ്ടാം ജയം: ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സതാംപ്ടണിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്‍റെ വിജയ ഗോള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താന്‍ യുണൈറ്റഡിന് കഴിഞ്ഞു. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമടക്കം ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്.