ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. എവര്‍ട്ടണാണ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. യുവതാരം ആന്‍റണി ഗോര്‍ഡോണാണ് എവര്‍ട്ടണിന്‍റെ വിജയ ഗോള്‍ നേടിയത്.
വിജയം തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുന്ന സംഘത്തിന് ജീവശ്വാസമായി. സ്വന്തം തട്ടകമായ ഗുഡിസന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 27ാം മിനിട്ടിലാണ് എവര്‍ട്ടണിന്‍റെ പട്ടികയിലെ ഗോള്‍ പിറന്നത്. ഗോര്‍ഡന്‍റെ വലംകാല്‍ ഷോട്ട് മഗ്വയറില്‍ തട്ടി വലിയ ഡിഫ്ലക്ഷനോടെ വലയില്‍ കയറുകയായിരുന്നു.
മത്സരത്തിന്‍റെ 68 ശതമാനവും പന്ത് കൈവശംവച്ചിട്ടും ലക്ഷ്യം കാണാനാവാതെ വന്നതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. തോല്‍വി ലീഗില്‍ അവസാന നാലിലെത്താമെന്ന യുണൈറ്റഡിന്‍റെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി. നിലവില്‍ 31 മത്സരങ്ങളില്‍ 51 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് സംഘം.
also read: ട്രാഫിക് നിയമ ലംഘനത്തെ മഹത്വവത്കരിക്കുന്നു ; ധോണിയുടെ ഐപിഎല്‍ പരസ്യം പിന്‍വലിക്കും
വിജയമില്ലാത്ത യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ മൂന്നാം മത്സരമാണിത്. അവസാന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സംഘത്തിന് ജയിക്കാനായത്. അതേസമയം വിജയത്തോടെ തരംതാഴ്‌ത്തല്‍ സോണിന് നാല് പോയിന്‍റുകള്‍ മുകളിലെത്താന്‍ എവര്‍ട്ടണിനായി. 30 മത്സരങ്ങളില്‍ നിന്നും 28 പോയിന്റാണ് സംഘത്തിനുള്ളത്.