മേസൺ: വെസ്റ്റേൺ ആന്‍ഡ് സതേൺ ഓപ്പണ്‍ (സിൻസിനാറ്റി) ടെന്നീസില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുകാനുവിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസിനെയാണ് എമ്മ റാഡുകാനു തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 19കാരിയായ എമ്മ മത്സരം പിടിച്ചത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് താളം കണ്ടെത്താന്‍ 40കാരിയായ സെറീന പാടുപെട്ടു. മത്സരത്തിലുടനീളം ക്ലീൻ ടെന്നീസ് കളിച്ച എമ്മ ഒരു അൺഫോഴ്‌സ്‌ഡ് എറര്‍ മാത്രം വരുത്തിയപ്പോല്‍ 12 അൺഫോഴ്‌സ്‌ഡ് എററുകളാണ് സെറീനയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌കോര്‍: 6-4, 6-0.
രണ്ടാം റൗണ്ടില്‍ മുൻ ഒന്നാം നമ്പർ താരം വിക്‌ടോറിയ അസരെങ്കയാണ് എമ്മയുടെ എതിരാളി. അതേസമയം ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപ്പണിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി സെറീന നേരത്തെ അറിയിച്ചിരുന്നു. ടെന്നീസ് കോർട്ടില്‍ നിന്ന് വിട പറയുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സെറീന അറിയിച്ചത്.
'ജീവിതത്തിൽ മറ്റൊരു ദിശയിലേക്ക് മാറേണ്ട ഒരു സമയം ജീവിതത്തിലുണ്ടാകും. നിങ്ങള്‍ അത്രയധികം ഇഷ്‌ടപ്പെടുന്ന ഒരു കാര്യമാണെങ്കില്‍ ആ സമയം നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.ഞാന്‍ ടെന്നീസ് വളരെയധികം ആസ്വദിക്കുന്നു. പക്ഷേ, ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. അമ്മയെന്ന നിലയിലും ആത്മീയ ലക്ഷ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,' സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.