ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സപ്‌റിനെതിരായ മത്സരത്തില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ ആസ്റ്റണ്‍ വില്ല ബെഞ്ചിലിരുത്തിയത് ചര്‍ച്ചയായിരുന്നു. ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെ മാര്‍ട്ടിനെസ് നടത്തിയ അതിരുകടന്ന ആഘോഷത്തിന്‍റെ പ്രതിഫലനമാണിതെന്നാണ് അഭ്യൂഹങ്ങളുണ്ടായത്. എന്നാല്‍ ഇതെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് വില്ല കോച്ച് ഉനായ് എമെറി.
എമിലിയാനോ മാർട്ടിനെസ് ഇപ്പോഴും ആസ്റ്റൺ വില്ലയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറാണെന്ന് എമെറി തറപ്പിച്ചു പറഞ്ഞു. ലോകകപ്പിന് ശേഷം അല്‍പം വിശ്രമം നല്‍കാനാണ് എമിയെ കളിപ്പിക്കാതിരുന്നതെന്നും വില്ല കോച്ച് വ്യക്തമാക്കി. വരും മത്സരങ്ങളിലും എമിയെ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരുകടന്ന പ്രകടനങ്ങള്‍ക്ക് എമിക്ക് കിട്ടിയ എട്ടിന്‍റെ പണിയാണ് പുറത്തിരുത്തലെന്ന് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ക്ലബിന്‍റെ തീരുമാനത്തെ പിന്തുണയ്‌ക്കുന്നതായും ഇവര്‍ പ്രതികരിച്ചിരുന്നു. എമെറിയുടെ ഈ പ്രതികരണം ഇവര്‍ക്കുള്ള മറുപടിയാണെന്നാണ് എമി ആരാധകരുടെ പക്ഷം.
ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം എമി നടത്തിയ ആഘോഷം വിവാദമായിരുന്നെങ്കിലും താരത്തെ തള്ളിപ്പറയാന്‍ ഉനായ് എമെറി തയ്യാറായിരുന്നില്ല. ഇത്രയും വലിയ അംഗീകാരം നേടുമ്പോള്‍ സ്വാഭാവികമായും വികാരങ്ങളെ നിയന്ത്രിക്കാനാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വില്ലയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ താരം അതിരുവിട്ട ആഘോഷം നടത്താതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും എമെറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അര്‍ജന്‍റീനയില്‍ നടന്ന വിക്‌ടറി പരേഡിനിടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ കളിയാക്കിയുള്ള എമിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
എംബാപ്പെയുടെ മുഖമൊട്ടിച്ച കുട്ടി പാവയുമായായിരുന്നു വിക്‌ടറി പരേഡില്‍ അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ എമിയെ പുറത്താക്കാന്‍ വില്ല ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ എവർട്ടൺ സ്റ്റോപ്പർ ജോർദാൻ പിക്‌ഫോർഡിനെ ടീമിലെത്തിക്കാന്‍ വില്ല ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ടോട്ടനത്തിനെതിരെ വില്ല ജയം പിടിച്ചിരുന്നു. ടോട്ടനത്തിന്‍റെ തട്ടകത്തില്‍ വച്ച് എതിരില്ലാത്ത രണ്ട് ഗോളിനാണ് വില്ല ജയിച്ച് കയറിയത്. എമിലിയാനോ ബുവേന്‍ഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയ്‌ക്കായി ഗോളുകള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു വില്ലയുടെ രണ്ട് ഗോളുകളും പിറന്നത്.
50 മിനിട്ടില്‍ ബുവേന്‍ഡിയയിലൂടെയാണ് വില്ല മുന്നിലെത്തിയത്. ഹ്യൂഗോ ലോറിസിന്‍റെ പിഴവില്‍ നിന്നാണ് ഗോള്‍ വന്നത്.തുടര്‍ന്ന് 73-ാം മിനിട്ടില്‍ ഡഗ്ലസ് ലൂയിസിലൂടെ സംഘം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ആദ്യ നാലിലെത്താന്‍ ടോട്ടനത്തിന് കഴിയുമായിരുന്നു. നിലവില്‍ 17 മത്സരങ്ങളില്‍ 30 പോയിന്‍റുമായി അഞ്ചാമതാണ് ടോട്ടനം. 17 മത്സരങ്ങളില്‍ 21 പോയിന്‍റുള്ള ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റുമായി ആഴ്‌സണലാണ് ഒന്നാം സ്ഥാനത്ത്.
Also read: മെസിയും നെയ്‌മറും ഇറങ്ങിയല്ല, എംബാപ്പെ ഗോളടിച്ചുമില്ല; ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്ക് ആദ്യ തോല്‍വി