ഭൂവനേശ്വര്‍: ഇന്ത്യൻ ഫുട്ബോളിലെ വിസ്‌മയമായി മാറുകയാണ് ഗോകുലം കേരള. അഞ്ച് വർഷത്തിനിടെ എട്ട് കിരീടമാണ് ഗോകുലം സ്വന്തമാക്കിയത്. ഇന്ത്യൻ വനിതാലീഗിൽ ഇന്ന് സേതു എഫ് സിയെ പരാജയപ്പെടുത്തിയതോടെ ഗോകുലം കേരള ഒരു കിരീടം കൂടെ ഉയർത്തിയിരിക്കുകയാണ്. ഈ സീസണിൽ കളിച്ച 11 മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള തുടർച്ചയായി രണ്ടാം തവണയും കിരീടമുയർത്തിയത്.
മുഹമ്മദൻസിനെ അവസാന മത്സരത്തിൽ മറികടന്ന് ഗോകുലം കേരള ഐ ലീഗ് കിരീടം നേടിയതിന്‍റെ പകിട്ട് തീരും മുന്നെയാണ് കിരീടം. 11 മത്സരത്തില്‍ നിന്നായി 33 പോയിന്‍റുമായാണ് ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്‌തത്. സീസണില്‍ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമും ഗോകുലം തന്നെയാണ്. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോകുലമല്ലാതെ മറ്റൊന്നല്ല. 11 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ അടിച്ച ഗോകുലം 4 ഗോൾ മാത്രമാണ് വഴങ്ങിയത്.
അഞ്ചുവർഷം മുൻപ് രൂപീകരിച്ച ഗോകുലത്തിന്‍റെ ഷെൽഫിലെത്തുന്ന എട്ടാമത്തെ പ്രധാന കിരീടമാണിത്. രണ്ടാം ഐ ലീഗ് കിരീടത്തിനൊപ്പം കേരള പ്രീമിയർ ലീഗിൽ രണ്ടുതവണയും ഗോകുലം ഒന്നാമാൻമാരായി. 2019ൽ ഡ്യൂറൻസ് കപ്പും കേരളത്തിലെത്തിച്ചു. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.
ഗോകുലം കേരള വനിതാ ടീം രണ്ട് തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടിയിട്ടുണ്ട്. ഗോകുലം കേരളയുടെ പുരുഷ ടീം രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി. 2019ൽ ഡ്യൂറണ്ട് കപ്പും ഗോകുലം കേരള നേടിയിട്ടുണ്ട്.