മെൽബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയെ സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ വിസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. കൂടാതെ താരത്തിന് മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന താരത്തിന്‍റെ വിസ രാജ്യത്തെ എമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് റദ്ദാക്കിയത്.
ഇതോടെ താരത്തിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്‌സ് ഹോക് വ്യക്തമാക്കി. അതേസമയം, ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ താരം വീണ്ടും കോടതിയെ സമീപിക്കുമെന്ന് വിവരം.
ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ വാക്‌സിനെടുക്കാത്തതിനെ തുടർന്നാണ് അധികൃതർ തടഞ്ഞുവെച്ചത്. തുടര്‍ന്ന് കോടതിയില്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് താരത്തിന്‍റെ വിസ പുനഃസ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ബാധിച്ച തനിക്ക് മെഡിക്കല്‍ ഇളവ് ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോക്കോ കോടതിയില്‍ അനുകൂല വിധി നേടിയത്.
READ MORE: ജോക്കോയെ നാട് കടത്തിയേക്കും ; നിലപാട് കടുപ്പിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
എന്നാല്‍ കൊവിഡ് ചട്ടങ്ങളില്‍ വീഴ്‌ച പറ്റിയെന്ന് ജോക്കോ കഴിഞ്ഞ ദിവസം പരസ്യമായി സമ്മതിച്ചിരുന്നു. എമിഗ്രേഷന്‍ ഫോമില്‍ ഏജന്‍റ് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കൊവിഡ് സ്ഥിരീകരിച്ച സമയത്ത് ഒരു മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചിരുന്നുവെന്നുമായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. രണ്ടാഴ്‌ചക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന എമിഗ്രേഷന്‍ ഫോമിലെ ചോദ്യത്തിന്, ഇല്ല എന്നാണ് ജോക്കോ നല്‍കിയ മറുപടി. എന്നാല്‍ സ്‌പെയിനിലേക്കും മറ്റും താരം യാത്ര നടത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.