ദുബായ്: ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തിയ നൊവാക് ജോക്കോവിച്ച് ദുബായിലെത്തി. തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ് താരം പതിമൂന്നര മണിക്കൂര്‍ നീണ്ടു നിന്ന യാത്രയ്‌ക്ക് ശേഷം മെല്‍ബണില്‍ നിന്നും ദുബായിലെത്തിയത്.
ഇതോടെ തിങ്കളാഴ്ച ആരംഭിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് താരത്തിന് നഷ്ടമായി. ദുബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് വാക്‌സിനേഷൻ നിര്‍ബന്ധമല്ലെങ്കിലും പിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ദുബൈയില്‍ നിന്നും താരം എവിടേക്കാവും യാത്ര ചെയ്യുകയെന്നത് വ്യക്തമല്ല.
കൊവിഡ് വാക്‌സിനെടുക്കാത്തതിനെ തുടര്‍ന്ന് രണ്ടാം തവണയും വിസ റദ്ദാക്കിയതോടെയാണ് ജോക്കോയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാട് കടത്തിയത്. തീരുമാനത്തിനെതിരെ ലോക ഒന്നാം നമ്പറായ ജോക്കോ കോടതിയെ സമീപിച്ചെങ്കിലുംസര്‍ക്കാര്‍ നടപടി കോടതി ശരിവെക്കുകയായിരുന്നു.
also read: ASHES: ഇംഗ്ലണ്ടിനെ ചാരമാക്കി ഓസീസ്; അവസാന ടെസ്റ്റിലും തകർപ്പൻ ജയം, പരമ്പര
പൊതുതാൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ മന്ത്രി അലെക്‌സ് ഹോക്കിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താരത്തിനെ നാടുകടത്തിയത്. കൊവിഡ് വാക്സിന്‍ എടുക്കാത്ത ജോക്കോവിച്ച് പൊതു സമൂഹത്തിന് ഭീഷണിയാണെന്നും ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അതേസമയം 2022ലെ ആദ്യ ഗ്രാൻഡ് സ്ലാമിനായി ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ എട്ട് മണിക്കൂറോളം തടഞ്ഞുവച്ച അധികൃതര്‍ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, മെഡിക്കല്‍ ഇളവ് സംബന്ധിച്ച രേഖകളോ ഹാജരാക്കാതിരുന്നതോടെയാണ് വിസ അസാധുവാക്കുന്ന നടപടിയിലേക്ക് അധികൃതര്‍ കടന്നത്.