ബ്യൂണസ് ഐറിസ് : ലേലത്തിനുവച്ചത് ‘ദൈവത്തിന്‍റെ കൈ’ എന്നറിയപ്പെടുന്ന ഗോള്‍ നേടുന്ന സമയം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്‌സിയല്ലെന്ന് കുടുംബം. 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മെക്‌സിക്കോ സിറ്റിയില്‍ നടന്ന മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഇതിഹാസതാരം ധരിച്ചിരുന്ന ജഴ്‌സി യഥാർഥത്തില്‍ മറ്റാരുടെയോ കൈവശമാണെന്നാണ് മറഡോണയുടെ മകള്‍ ഡാൽമ പറയുന്നത്.
മത്സരത്തിന് ശേഷം അർജന്‍റീനിയൻ താരം ഇംഗ്ലണ്ടിന്‍റെ സ്റ്റീവ് ഹോഡ്‌ജുമായി ജഴ്‌സി കൈമാറ്റം ചെയ്തിരുന്നു. എന്നാല്‍ ഹോഡ്‌ജിന്‍റെ കയ്യിലുള്ളത് ആ ജഴ്‌സിയല്ലെന്നാണ് മറഡോണയുടെ മകൾ ഡാൽമ പറയുന്നത്.
"അത് രണ്ടാം പകുതിയിൽ എന്‍റെ പിതാവ് ധരിച്ച ജഴ്‌സിയല്ല. ഹോഡ്‌ജിന്‍റെ കയ്യിലുള്ളത് അതല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതാരുടെ കയ്യിലാണെന്നും എനിക്കറിയാം. എന്നാല്‍ പറയാന്‍ താൽപ്പര്യമില്ല " - ഡാൽമ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പ്രതികരിച്ചു.
എന്നാല്‍ കഴിഞ്ഞ 35 വര്‍ഷമായി ജഴ്‌സിയുടെ അവകാശി താനാണെന്നാണ് ഹോഡ്‌ജ് പറയുന്നത്. "വിഖ്യാതമായ മത്സരത്തിനുശേഷം ഞാനും ഡീഗോയും ടണലിൽ ജഴ്‌സികള്‍ കൈമാറി. 35 വർഷത്തിലേറെയായി അതിന്‍റെ അഭിമാനിയായ ഉടമയാണ് ഞാൻ. എക്കാലത്തെയും മികച്ച ഒരു ഫുട്ബോളര്‍ക്കെതിരെ കളിച്ചത് ഒരു ബഹുമതിയാണ് " - ജഴ്‌സി ലേലത്തിനുവച്ചതിന് പിന്നാലെ ഹോഡ്‌ജ് പറഞ്ഞു.
also read: ടിറ്റെയ്‌ക്ക് പകരം ഗ്വാർഡിയോളയ്‌ക്കായി ശ്രമം നടത്തി ബ്രസീല്‍
അതേസമയം ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോത്ത്ബി കമ്പനിയാണ് ജഴ്‌സി ലേലത്തില്‍ വച്ചിരുന്നത്. 4 മില്യണ്‍ പൗണ്ട് (5.2 മില്യണ്‍ യു.എസ് ഡോളര്‍) ആണ് മതിപ്പുവിലയെന്നും എപ്രില്‍ 20ന് ലേലം ആരംഭിക്കുമെന്നുമായിരുന്നു കമ്പനി അറിയിച്ചിരുന്നത്.