മിയാമി : അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ആരാധകരും. 35-കാരനായ ലയണല്‍ മെസിയുടെ ഇന്‍റര്‍ മിയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് നടക്കുമെന്നാണ് വിവരം. ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയിലെ ക്രൂസ് അസുലിനെതിരെയാണ് അന്ന് ഇന്‍റര്‍ മിയാമി കളിക്കുന്നത്.
സൂപ്പര്‍ താരത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി മെസിയുടെ കൂറ്റന്‍ ചുമര്‍ ചിത്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ക്ലബ്ബിന്‍റെ മേല്‍നോട്ടത്തില്‍ വരച്ചിട്ടുണ്ട്. ഇതില്‍ ഒരു ചിത്രത്തില്‍ മിനുക്ക് പണികള്‍ക്ക് ഇറങ്ങിയ ഇംഗ്ലണ്ട് ഇതിഹാസവും ക്ലബ് ഉടമയുമായ ഡേവിഡ് ബെക്കാമിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ ഉയരത്തില്‍ നിന്ന് മെസിയുടെ ചുമര്‍ ചിത്രത്തിലെ പല്ലിന് വെളുത്ത നിറം നല്‍കുന്ന ബെക്കാമിന്‍റെ വീഡിയോ ഭാര്യ വിക്‌ടോറിയയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ഡേവിഡ് ബെക്കാമിന് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലേയെന്നും വീഡിയോയ്‌ക്ക് ഒപ്പം വിക്‌ടോറിയ കുറിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്‌നിലെ (പിഎസ്‌ജി) തന്‍റെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് മെസി ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്. ക്ലബ്ബുമായുള്ള കരാര്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രതിവർഷം ഏകദേശം 50 മില്യൺ ഡോളര്‍ (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) മുതൽ 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെ കരാറാണ് മെസി ഇന്‍റര്‍ മിയാമിയുമായി ഒപ്പുവയ്‌ക്കുകയെന്നാണ് റിപ്പോര്‍ട്ട്.
പിഎസ്‌ജിയില്‍ നിന്ന് തന്‍റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസി ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ബാഴ്‌സലോണയ്‌ക്കായി 18 വര്‍ഷങ്ങള്‍ പന്തുതട്ടിയതിന് ശേഷം 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു മെസി പിഎസ്‌ജിയിലേക്ക് എത്തിയത്. ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം കര്‍ശനമാക്കിയതോടെയാണ് ബാഴ്‌സയ്‌ക്ക് മെസിയെ കൈവിടേണ്ടി വന്നത്.
ഇപ്പോഴും ക്ലബ് സമാന സാഹചര്യത്തില്‍ തുടരുന്നതിനാലാണ് മെസിയുടെ തിരിച്ചുപോക്കിനുള്ള സാധ്യത അടഞ്ഞത്. പിഎസ്‌ജിക്കായി കഴിഞ്ഞ രണ്ട് സീസണുകളിലായി 74 മത്സരങ്ങളിലാണ് മെസി ബൂട്ടുകെട്ടിയത്. 32 ഗോളും 35 അസിസ്റ്റുകളുമാണ് താരം നേടിയത്. 2022 അവസാനത്തില്‍ നടന്ന ഖത്തര്‍ ലോകകപ്പ് മുതല്‍ താരവുമായുള്ള കരാര്‍ പുതുക്കാന്‍ ഫ്രഞ്ച് ക്ലബ് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
മെസിയെത്തുന്നത് അമേരിക്കയില്‍ ഫുട്‌ബോളിന്‍റെ വളര്‍ച്ചയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതരുടെ കണക്കുകൂട്ടല്‍. നേരത്തെ പെലെ, ഡേവിഡ് ബെക്കാം, തിയറി ഹെൻറി, ആൻഡ്രിയ പിർലോ തുടങ്ങിയ ഇതിഹാസങ്ങൾ ഇവിടെ പന്ത് തട്ടിയിട്ടുണ്ട്. ലയണല്‍ മെസിയുടെ വരവറിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ഇന്‍റര്‍ മിയാമിയുടെ പിന്തുണ കുതിച്ചുയര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 3.8 ദശലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്നു. ഇന്‍റര്‍ മിയാമിയുടെ അക്കൗണ്ട് നിലവില്‍ ഒമ്പത് ദശലക്ഷം പിന്നിട്ടിട്ടുണ്ട്.