ഹൈദരാബാദ്: ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി എന്നിവർക്ക് ഹൈദരാബാദ് വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം. ബര്‍മിങ്‌ഹാമില്‍ നിന്നും മെഡല്‍ നേട്ടത്തിന് പിന്നാലെ തിരിച്ചെത്തിയ താരങ്ങളെ സ്വീകരിക്കാന്‍ ആരാധകരുള്‍പ്പെടെ നിരവധി പേരാണ് വിമാനത്താളത്തിലേക്ക് എത്തിയത്.
രാജ്യത്തിനായി മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്ന് താരങ്ങള്‍ പ്രതികരിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ചിരാഗ് ഷെട്ടി പറഞ്ഞു. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജിനൊപ്പം സ്വര്‍ണമെഡല്‍ നേടാന്‍ ചിരാഗിന് കഴിഞ്ഞിരുന്നു. ഡബിള്‍സ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ലെയ്‌ന്‍ - വെന്‍റി സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്.
ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധുവിനെ സ്വീകരിക്കാന്‍ പിതാവ് പിവി രമണയും വിമാനത്താവളത്തിൽ എത്തിയിരുന്നു. കോമൺവെൽത്ത് ഗെയിംസില്‍ സിന്ധുവിന് സ്വര്‍ണം നേടാനായതില്‍ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബാഡ്‌മിന്‍റണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു തോല്‍പ്പിച്ചത്.
ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ വിജയം. സ്‌കോര്‍: 21-15 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്‍റെ ആദ്യ വ്യക്തിഗത സ്വര്‍ണമാണ് ഇത്. ബര്‍മിങ്‌ഹാമില്‍ മിക്‌സഡ് ടീമിനൊപ്പം താരം വെള്ളി നേടിരുന്നു. അതേസമയം 2014ല്‍ വെങ്കലവും 2018ല്‍ വെള്ളിയും നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. പുരുഷ സിംഗിള്‍സില്‍ വെങ്കലം നേടിയാണ് ശ്രീകാന്ത് തിരിച്ചെത്തിയത്.
അതേസമയം ബര്‍മിങ്‌ഹാമില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഇക്കുറി പോരാട്ടം അവസാനിപ്പിച്ചത്. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിലെ 26 സ്വർണം ഉൾപ്പെടെ 66 മെഡൽ എന്ന നേട്ടത്തിൽ എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പല ഇനങ്ങളിലും അപ്രതീക്ഷിതമായി കിട്ടിയ മെഡൽ നേട്ടം ഇരട്ടി മധുരമായി.