ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്‌ക്ക് നിരാശ. കലാശപ്പോരില്‍ മലേഷ്യയോട് 1-3ന് തോല്‍വി വഴങ്ങിയതോടെ കഴിഞ്ഞ ഗെയിംസിലെ ചാമ്പ്യന്മാര്‍ക്ക് വെള്ളികൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിന്‍റെയും ഡബിള്‍സില്‍ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന്‍റെയും തോല്‍വിയാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
സ്വര്‍ണ മെഡല്‍ മത്സരത്തില്‍ പുരുഷ സിംഗിള്‍സില്‍ രാജ്യത്തെ ഏറ്റവും മികച്ച റാങ്കുകാരനായ ലക്ഷ്യ സെന്നിനെ ഇറക്കാതെയാണ് ഇന്ത്യ കളിച്ചത്. ഫൈനലിലെ ആദ്യ മത്സരത്തില്‍ ലോക ഏഴാം നമ്പറുകാരായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിള്‍സ് സഖ്യം ആരോണ്‍ ചിയ - സോ വൂയി യിക് സഖ്യത്തോട് തോല്‍വി നേരിട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്ക് 21-18, 21-15 എന്ന സ്‌കോറിനാണ് ഇരുവരും കീഴടങ്ങിയത്.
എന്നാല്‍ രണ്ടാം മത്സരം ജയിച്ച് ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു ഇന്ത്യയെ ഒപ്പമെത്തിച്ചു. ഗോ ജിന്‍ വെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. മൂന്നാതായി നടന്ന പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. ലോക 40ാം നമ്പര്‍ താരമായ ടിസെ യോങ്ങിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ശ്രീകാന്ത് കീഴടങ്ങിയത്. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി.
തുടര്‍ന്ന് നടന്ന വനിത ഡബിള്‍സില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ് - ജോളി ട്രീസ സഖ്യവും കീഴടങ്ങിയതോടെ ഇന്ത്യയുടെ സുവര്‍ണ സ്വപ്‌നം പൊലിഞ്ഞു. ലോക 11ാം നമ്പര്‍ താരങ്ങളായ കൂങ് ലീ പേര്‍ളി ടീന്‍ - തിന്ന മുരളീധരന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്.
വിജയത്തോടെ നാല് വര്‍ഷം മുമ്പ് ഗോള്‍ഡ് കോസ്റ്റിലെ തോല്‍വിക്ക് ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ മലേഷ്യയ്‌ക്ക് കഴിഞ്ഞു.