ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വെങ്കലപ്പോരില്‍ ന്യൂസിലന്‍ഡിനെ 2-1നാണ് ഇന്ത്യ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു സംഘവും 1-1ന് സമനില പാലിച്ചു.
28ാം മിനിട്ടില്‍ സാലിമ ടെറ്റെയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കിവീസ് ഒപ്പം പിടിച്ചത്. ഒലിവിയ മെറിയാണ് ന്യൂസിലന്‍ഡിനായി ഗോള്‍ നേടിയത്. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിത പുനിയയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്.
കിവീസിന്‍റെ മൂന്ന് സ്‌ട്രോക്കുകളാണ് സവിത തടുത്തിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ സ്‌ട്രോക്ക് കിവീസ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ ഇന്ത്യയുടെ സംഗീതയുടെ സ്‌ട്രോക്ക് ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ തടഞ്ഞു. കിവീസിന്‍റെ രണ്ടാം കിക്ക് സവിത തടയുകയും സോണിക ലക്ഷ്യം കാണുകയും ചെയ്‌തോടെ ഇന്ത്യ ഒപ്പമെത്തി.
മൂന്നാം കിക്കെടുത്ത കിവീസ് താരം റോസ് ടൈനാന്‍സിന്‍റെ ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ ഇന്ത്യയുടെ നവ്‌നീത് ലക്ഷ്യം കണ്ടു. ഇതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. ന്യൂസിലന്‍ഡിന്‍റെ നാലാം സ്‌ട്രോക്കും സവിത രക്ഷപ്പെടുത്തി. ഇന്ത്യയ്‌ക്കായി നാലാം കിക്കെടുത്ത നേഹക്ക് പിഴച്ചതോടെ കിവീസിന് പ്രതീക്ഷവെച്ചു. എന്നാല്‍ അഞ്ചാം കിക്കെടുത്ത ഒലിവിയയുടെ ഷോട്ടും സവിത തടുത്തതോടെ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.
2006ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ കോമണ്‍വെല്‍ത്ത് വനിത ഹോക്കിയില്‍ മെഡലിനായുള്ള 16 വര്‍ഷത്തെ കാത്തിരിപ്പാണ് ഇന്ത്യന്‍ സംഘം അവസാനിപ്പിച്ചത്.
also read: CWG 2022 | മെഡല്‍ ഉറപ്പിച്ച് സിന്ധു; ബാഡ്‌മിന്‍റണ്‍ സിംഗിള്‍സ് ഫൈനലില്‍