ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പാര ടേബിള്‍ ടെന്നിസ് താരമായി ഭവിനബെൻ പട്ടേല്‍. വനിത സിംഗിൾസ് ക്ലാസ് 3-5 കാറ്റഗറി ഫൈനലിൽ നൈജീരിയയുടെ ഇക്‌പിയോയിയെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ഭവിനബെൻ മത്സരം പിടിച്ചത്. സ്‌കോര്‍: 12-10, 11-2, 11-9.
ലോക 41-ാം റാങ്കുകാരിയായ നൈജീരിയന്‍ താരത്തിനെതിരെ ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭവിനബെന്‍ നടത്തിയത്. രണ്ടാം സെറ്റ് അനായാസം നേടിയ ഇന്ത്യന്‍ താരം മൂന്നാം സെറ്റില്‍ പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. ഈ സെറ്റില്‍ 2-9ന് പിറകില്‍ നിന്ന ഭവിന തുടര്‍ച്ചയായ ഒമ്പത് പോയിന്‍റുകള്‍ നേടിയാണ് വിജയം പിടിച്ചത്.
ഇതോടെ വെയ്‌റ്റ്‌ലിഫ്‌റ്റര്‍ സുധീറിന് ശേഷം കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ പാര അത്‌ലറ്റാവാനും ഭവിനയ്‌ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്കായി വെള്ളി നേടാനും ഭവിനയ്‌ക്ക് കഴിഞ്ഞിരുന്നു.
സോണാൽബെന്നിന് വെങ്കലം: പാര ടേബിൾ ടെന്നിസിൽ വനിത സിംഗിൾസ് 3-5 വിഭാഗത്തിൽ സോണാൽബെൻ പട്ടേൽ വെങ്കലം നേടി. സ്യൂ ബെയ്‌ലിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യന്‍ താരം തകര്‍ത്തത്. സ്‌കോര്‍: 11-5, 11-2, 11-3.
also read: CWG 2022 | ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ; പുരുഷ ഹോക്കി ഫൈനലിൽ, മെഡലുറപ്പിച്ചു