മാഞ്ചസ്റ്റര്‍: കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്‌ച(31.07.2022) ഓൾഡ് ട്രാഫോർഡിൽ സ്‌പാനിഷ് ക്ലബ് റയോ വല്ലേക്കാനോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ഇറങ്ങുമെന്ന സൂചന താരം നല്‍കിയെന്നാണ് വിവരം. ഒരു ഫാന്‍ പേജില്‍ വന്ന പോസ്റ്റില്‍ കമന്‍റായാണ് താരം ഇത് സംബന്ധിച്ച സൂചന നല്‍കിയെതന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യക്തിഗത കാരണങ്ങളാൽ തായ്‌ലൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള ക്ലബ്ബിന്‍റെ പ്രീ സീസൺ ടൂറില്‍ നിന്നും 37കാരനായ ക്രിസ്റ്റ്യാനോ വിട്ടുനിന്നിരുന്നു. ശനിയാഴ്‌ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള യുണൈറ്റഡ് ടീമിൽ നിന്നും താരം പുറത്താണ്. ഇത് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റില്‍ "ഞായറാഴ്‌ച രാജാവ് കളിക്കുന്നു" എന്നാണ് താരം കമന്‍റ് ചെയ്‌തത്.
അത്‌ലറ്റിക്കോയ്‌ക്കെതിരെ കളിക്കാതിരിക്കുന്ന താരങ്ങള്‍ വല്ലേക്കാനോയ്‌ക്കെതിരെ കളിക്കുമെന്ന് യുണൈറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്‍റെ പുതിയ സൈനിങ്ങായ ലൗട്ടാരോ മാര്‍ട്ടിനസ്, ക്രിസ്റ്റണ്‍ എറിക്‌സണ്‍ തുടങ്ങിയ താരങ്ങളും മത്സരത്തിനിറങ്ങും.
അതേസമയം കഴിഞ്ഞ സീസണില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ക്ലബിന് പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടാനാവാത്തതില്‍ താരം നിരാശനാണ്. ഇതോടെ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുന്ന ടീമിന്‍റെ ഭാഗമാവാന്‍ താരം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ക്രിസ്റ്റ്യാനോയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും തന്‍റെ പദ്ധതികളില്‍ താരവും ഉണ്ടെന്നുമാണ് ടെന്‍ ഹാഗ് ആവര്‍ത്തിക്കുന്നത്. അടുത്തിടെ താരം ഏജന്‍റിനൊപ്പം ടെന്‍ ഹാഗുമായി ചര്‍ച്ച നടത്തിയതും വാര്‍ത്തയായിരുന്നു.