റിയാദ് : ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍. ക്ലബ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മെസിയുടെ പിഎസ്‌ജി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന റിയാദ് ഓള്‍സ്റ്റാര്‍ ഇലവന്‍ ടീമിനെ ഇന്ന് നേരിടും. ഇന്ത്യന്‍ സമയം രാത്രി 10:30 മുതല്‍ കിങ് ഫഹ്‌ദ് സ്റ്റേഡിയത്തിലാണ് മത്സരം.
3 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു റൊണാള്‍ഡോ-മെസി പോരാട്ടം വരുന്നത്. 2020 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലായിരുന്നു ഇരു താരങ്ങളും അവസാനമായി മുഖാമുഖം വന്നത്. അന്ന് മെസി സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലുമായിരുന്നു.
അന്ന് റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്‍റെ കരുത്തില്‍ ഇറ്റാലിയന്‍ ക്ലബ്, ബാഴ്‌സലോണയെ 3-0ന് തകര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ടീമിന്‍റെ നായകനായാണ് റോണാള്‍ഡോ കളത്തിലേക്കെത്തുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 1,700 കോടിയോളം രൂപയ്‌ക്ക് അല്‍ നസ്‌റിലേക്കെത്തിയ റൊണാള്‍ഡോയുടെ അരങ്ങേറ്റം കൂടിയാകും ഈ മത്സരം.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയ്‌ക്കെതിരെ ഗോളടിച്ച സൗദി താരങ്ങളായ സലേം അല്‍ ദസൗരിയും സൗദ് അബ്‌ദുള്‍ഹമീദും ഓള്‍സ്റ്റാറിനായി പന്ത് തട്ടുന്നുണ്ട്. ഫ്രഞ്ച് ലീഗില്‍ റെന്നിസിനോട് തോല്‍വി വഴങ്ങിയാണ് പിഎസ്‌ജിയുടെ വരവ്. പ്രധാന താരങ്ങളായ കിലിയന്‍ എംബാപ്പെ, നെയ്‌മര്‍, റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം മെസിക്കൊപ്പമുണ്ട്.
എവിടെ കാണാം : റിയാദ് ഓള്‍സ്റ്റാര്‍ ഇലവന്‍ - പിഎസ്‌ജി സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്‍റെ ടെലിവിഷന്‍ സംപ്രേഷണം ഇന്ത്യയില്‍ ലഭ്യമല്ല. എന്നാല്‍ പിഎസ്‌ജി ടിവി, പിഎസ്‌ജിയുടെ ഫേസ്ബുക്ക് പേജ്, പിഎസ്‌ജിയുടെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ ആരാധകര്‍ക്ക് റൊണാള്‍ഡോ - മെസി പോരാട്ടം കണ്ട് ആസ്വദിക്കാന്‍ സാധിക്കും.