മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാൽഫ് റാങ്‌നിക്കിനെ പിന്തുണച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്തിടെ ടീമിന്‍റെ പരിശീലകനായെത്തിയ റാങ്‌നിക്കിന് ടീമില്‍ തന്‍റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സമയം ആവശ്യമുണ്ടെന്ന് റൊണാള്‍ഡോ പറഞ്ഞു.
സീസണില്‍ ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഒലെ ഗുണ്ണാർ സോൾഷ്യറെ പുറത്താക്കിയതിന് പിന്നാലെ, കഴിഞ്ഞ നവംബറിലാണ് റാങ്‌നിക്ക് ചുമതലയേറ്റെടുക്കുന്നത്. റാങ്‌നിക്കിന് കീഴില്‍ യുണൈറ്റഡിന്‍റെ പ്രകടനം മെച്ചപ്പെടുന്നുണ്ടെങ്കിലും പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയുടെ പ്രതികരണം.
''അഞ്ചാഴ്‌ച മുമ്പ് എത്തിയത് മുതല്‍ പല കാര്യങ്ങളിലും അദ്ദേഹം മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ കളിക്കാരിലും തന്‍റെ പദ്ധതികളെത്തിക്കാന്‍ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമുണ്ട്. അദ്ദേഹത്തിന് മികച്ചത് ചെയ്യാനാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്നാല്‍ അതിന് സമയമെടുക്കും. ഞങ്ങള്‍ മികച്ച ഫുട്‌ബോളല്ല കളിക്കുന്നതെന്ന് എനിക്കറിയാം. എന്നാള്‍ ഞങ്ങള്‍ മെച്ചപ്പെടുന്നുണ്ട്''. റൊണാള്‍ഡോ പറഞ്ഞു.
also read: ഓസ്‌ട്രേലിയൻ ഓപ്പണ്‍ : ജോക്കോയെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തി ; വിസ വീണ്ടും അനിശ്ചിതത്വത്തില്‍
''അദ്ദേഹം വന്നതു മുതൽ ചില കാര്യങ്ങളിൽ ഞങ്ങൾ മികച്ചവരാണെന്ന് ഞാൻ കരുതുന്നു, പക്ഷേ അദ്ദേഹത്തിന് സമയം ആവശ്യമാണ്. കളിക്കാരുടെ മാനസികാവസ്ഥയും അവർ കളിക്കുന്ന രീതിയുമടക്കം മാറ്റുന്നത് അത്ര എളുപ്പമല്ല.'' റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
റാങ്നിക്കിന് കീഴില്‍ ഇതേവരെ ഏഴ് മത്സരങ്ങള്‍ക്കിറങ്ങിയ യുണൈറ്റഡ് നാല് മത്സരങ്ങളില്‍ ജയിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ രണ്ട് മത്സരങ്ങളില്‍ തോല്‍വിയും വഴങ്ങി.