ന്യൂഡല്‍ഹി: സായി കേന്ദ്രങ്ങളില്‍ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് കൊവിഡ് ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിക്കണമെന്ന് അധികൃതർ. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലാണ് (എസ്‌ഒപി) ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈനായാണ് സായി എസ്‌ഒപി പുറത്തിറക്കിയത്. ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകളില്‍ നിന്നുള്ള മുഖ്യ പരിശീലകർ ഉൾപ്പെടുന്നതായിരിക്കും ടാസ്‌ക് ഫോഴ്‌സ്. പരിശീലനത്തിന് മുന്നോടിയായി സായി കേന്ദ്രങ്ങളും പരിസരവും അണുവിമുക്തമാക്കണമെന്നും എസ്‌ഒപിയില്‍ വ്യക്തമാക്കുന്നു.
അത്‌ലറ്റുകളോടും പരിശീലകരോടും ജീവനക്കാരോടും കേന്ദ്ര സർക്കാരിന്‍റെ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാനും നിർദേശിച്ചു. നാല് വിഭാഗങ്ങളിലായാണ് കായിക മേഖലയെ തിരിച്ചിരിക്കുന്നത്. അടുത്തിടപഴകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടെ നാല് വിഭാഗമായിട്ടാണ് കായിക ഇനങ്ങളെ തിരിച്ചിരിക്കുന്നത്. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമേ ജിംനേഷ്യങ്ങൾ തുറക്കാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ രണ്ട് മീറ്റർ വിട്ട് നിന്ന് പരിശീലനം നടത്താന്‍ സാധിക്കൂ. മത്സരത്തില്‍ പങ്കെടുക്കുമ്പോൾ ഒഴികെ എല്ലായിപ്പോഴും മാസ്‌ക് ധരിക്കണം. സുരക്ഷിതമായി പരിശീലനം നടത്താനുള്ള മാർഗരേഖയായി മാത്രമേ എസ്‌ഒപിയെ കാണേണ്ടതുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
സർക്കാർ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മാർച്ച് 17 മുതല്‍ സായി കേന്ദ്രങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ നാലാം ഘട്ട ലോക്ക് ഡൗണിന്‍റെ ഭാഗമായി രാജ്യത്തെ സ്‌റ്റേഡിയങ്ങളും സ്‌പോർട്‌സ് കോപ്ലക്‌സുകളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയും നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തയാറാക്കിയത്.