ന്യൂഡല്‍ഹി: കായിക താരങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതു സംബന്ധിച്ച് സായി ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾക്ക് നിർദേശം നല്‍കി. കൊവിഡ് 19 ഭീഷണിയെ തുടർന്നാണ് സായിയുടെ ജാഗ്രതാ നിർദേശം. ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ നിരവധി ടൂർണമെന്‍റുകൾ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും അധികൃതർ വ്യക്തമാക്കി. താരങ്ങളുടെ വിദേശ മത്സരങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും ടീമുകൾക്കും വ്യക്തിഗത അത്‌ലറ്റുകൾക്കും പരിശീലനം നല്‍കുമ്പോഴും ജാഗ്രത പാലിക്കണമെന്നും ഫെഡറേഷനുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ഈ വർഷം ജൂലൈയിലാണ് ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കമാവുക. ഒളിമ്പിക്‌സിനെ വൈറസ് ബാധ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അതേസമയം വൈറസ് ബാധയെ തുടർന്ന് നിരവധി മത്സരങ്ങൾ ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയൊ ചെയ്‌തിട്ടുണ്ട്. ഇറ്റാലിയന്‍ സീരി എയില്‍ പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത്. വൈറസ് ബാധയെ തുടന്ന് 3100 പേർ മരിച്ചതായും 90,000 പേർ ചികിത്സയിലാണെന്നുമാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന റിപ്പോർട്ട്. ചൈനക്ക് പുറമെ 48 രാജ്യങ്ങളിൽ നിന്നായി 1,848 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.