ദോഹ: ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളായി. അവസാന പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കോസ്റ്ററിക്ക ലോകകപ്പ് യോഗ്യത നേടി. മൂന്നാം മിനുട്ടില്‍ ജോയല്‍ ക്യാംപ്‌വെല്‍ നേടിയ ഗോളാണ് ഓഷ്യാനിയ–കോൺകാഫ് പ്ലേ ഓഫ് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത്. ഖത്തറില്‍ ഗ്രൂപ്പ് ഇയിലാണ് കോസ്റ്ററിക്ക പോരടിക്കുക. സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പ് ഇയിലെ മറ്റ് ടീമുകള്‍.
തുടര്‍ച്ചയായി മൂന്നാം തവണയാണ് കോസ്റ്ററിക്ക ലോകകപ്പിന് യോഗ്യത നേടുന്നത്. 2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് അവരുടെ മികച്ച പ്രകടനം. അതേസമയം ചൊവ്വാഴ്‌ച നടന്ന ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫ് ഫൈനലില്‍ പെറുവിനെ കീഴടക്കി ഓസ്‌ട്രേലിയ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചിരുന്നു.
പെനാല്‍റ്റിയില്‍ 5-4 എന്ന സ്‌കോറിനാണ് പെറു കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകള്‍ നേടാനായില്ല. 2006 മുതല്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്. ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയ ഖത്തറില്‍ ഇറങ്ങുക.