ബര്‍മിങ്‌ഹാം : കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയിൽ കാനഡയെ ഗോൾ മഴയിൽ മുക്കി ഇന്ത്യ. പൂൾ ബിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ പൂൾ ബിയിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തി.
ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ്ങും ആകാശ്‌ദീപ് സിങ്ങും ഇരട്ടഗോള്‍ നേടിയപ്പോള്‍ അമിത് രോഹിദാസ്, ലളിത് കുമാര്‍ ഉപാധ്യായ്, ഗുജ്‌റന്ത്, മന്‍ദീപ് സിങ് എന്നിവർ ഓരോ ഗോൾ വീതം സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രവേശനം ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. വെയ്‌ൽസാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ ഏതിരാളി.
പൂള്‍ ബിയിലെ ഇന്ത്യയുടെ മൂന്നാം മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ മത്സരത്തിൽ കുഞ്ഞൻമാരായ ഘാനയെ എതിരില്ലാത്ത 11 ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിൽ ഇരുവരും നാലുഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. നിലവിൽ പൂൾ ബിയിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഏഴ് പോയിന്‍റ് വീതമാണുള്ളത്. എന്നാൽ ഗോൾ ശരാശരിയുടെ ബലത്തിൽ ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു.