ചെന്നൈ: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ തുടക്കം. ഓപ്പണ്‍, വുമണ്‍ വിഭാഗങ്ങിലായുള്ള ആറ് ഇന്ത്യന്‍ ടീമികളും ആദ്യ റൗണ്ട് മത്സരത്തില്‍ എതിരാളികളെ തറപറ്റിച്ചു. മൂന്ന് വീതം ഓപ്പണ്‍, വുമണ്‍ ടീമുകളാണ് ഇന്ത്യയ്‌ക്കായി കളിക്കാനിറങ്ങിയത്. ഓരോ റൗണ്ടിലും നാലുകളിക്കാർ എതിർ ടീമിലെ നാലുകളിക്കാരുമായി ഏറ്റുമുട്ടുന്നതാണ് മത്സരരീതി. ഇന്ത്യയ്‌ക്കായി കളിച്ച മുഴുവന്‍ താരങ്ങളും ജയിച്ചതോടെ 4-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ആറ് ടീമുകളും വിജയിച്ചത്.
വനിതകളില്‍ ടോപ് സീഡായ ഇന്ത്യൻ വനിത എ ടീം താജിക്കിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ബി ടീം വെയ്ൽസിനെ കീഴടക്കി. ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി നാദി സിദയെ 41 നീക്കത്തിൽ കീഴടക്കി. ആർ വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽക്കർണി എന്നിവരും വിജയത്തോടെ തുടക്കം ഉറപ്പിച്ചു. സി ടീമിലെ എം വർഷിണി സാഹിതി, പ്രത്യുഷ ബോഡ, പിവി നന്ദിത, വിശ്വ വസ്നവാല എന്നിവരും ജയിച്ചുകയറി.
ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീം സിംബാബ്‌വേയെയാണ് തോൽപ്പിച്ചത്. മലയാളിതാരം എസ് എൽ നാരായണൻ, മുഷോൻ എമറാഡിനെ 33 നീക്കത്തിൽ കീഴടക്കി. കെ ശശികിരൺ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി എന്നിവരും അനായാസ ജയം നേടി. മലയാളിതാരം നിഹാൽ സരിൻ ഉൾപ്പെട്ട ബി ടീം യുഎഇയെ തോൽപ്പിച്ചു.
സുൽത്താൻ ഇബ്രാഹിമിനെയാണ് നിഹാൽ പരാജയപ്പെടുത്തിയത്. ഡി ഗുകേഷ്, ബി അധിപൻ, റോണക് സാധ്വനി എന്നിവരും ജയിച്ച് കയറി. ഇന്ത്യ സി ടീം സൗത്ത് സുഡാനെ തറപറ്റിച്ചു. എസ് പി സേതുരാമൻ, കാർത്തികേയൻ മുരളി, അഭിജിത് ഗുപ്ത, അഭിമന്യു പുരാണിക് എന്നിവരാണ് ടീമിലുള്ളത്.