ലണ്ടന്‍: യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
തനിക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് ചെൽസിയെ വാങ്ങാനുള്ള ഓഫർ ലഭിച്ചതായുള്ള സ്വിസ് കോടീശ്വരനായ ഹാൻസ്‌ജോർഗ് വിസ്സിന്‍റെ വെളിപ്പെടുത്തല്‍ തള്ളിക്കളയാന്‍ ചെല്‍സിയുടെയും അബ്രമോവിച്ചിന്‍റെയും പ്രതിനിധികള്‍ തയ്യാറായില്ല.
ക്ലബിനായി വലിയ വിലയാണ് അബ്രമോവിച്ച് നിലവിൽ ചോദിക്കുന്നതെന്ന് ഹാൻസ്‌ജോർഗിനെ ഉദ്ധരിച്ച് സ്വിസ് പത്രമായ ബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം ക്ലബിന്‍റെ നടത്തിപ്പ് ചാരിറ്റബിൾ ഫൗണ്ടേഷന് നല്‍കാന്‍ അബ്രമോവിച്ച് ശ്രമം നടത്തിയിരുന്നു. ക്ലബ്ബിന്‍റെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.
എന്നാല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ ചാരിറ്റബിൾ ഫൗണ്ടേഷന്‍ വ്യക്തത വരുത്തിയിട്ടില്ല. ക്ലബിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടോയെന്ന് ട്രസ്റ്റിമാരുടെ യോഗത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നതോടെയാണ് ഏറ്റെടുപ്പ് സംബന്ധിച്ച് തീരുമാനമാവാതിരുന്നത്.
also read: യുക്രൈന് ഐക്യദാര്‍ഢ്യം: കായിക ലോകത്ത് റഷ്യൻ പ്രതാപം അവസാനിക്കുമോ
അതേസമയം യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഉപരോധത്തിൽ ലക്ഷ്യമിടുന്ന സമ്പന്നരായ റഷ്യക്കാരുടെ കൂട്ടത്തിൽ അബ്രമോവിച്ചിനെ ഉൾപ്പെടുത്തുമോ എന്ന് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. അബ്രമോവിച്ചിന്‍റെയടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് നേരത്തെ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ആവശ്യമുയര്‍ന്നിരുന്നു.