ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ഇറ്റാലിയന്‍ ക്ലബ് ഇന്‍റർ മിലാനിലേക്ക് തിരികെ പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രീമിയർ ലീഗ് ക്ലബ്ബിലെ നിരാശാജനകമായ സീസണിന് ശേഷമാണ് താരം മിലാനിലേക്ക് തിരികെ പോകുന്നത്. ലോണ്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് എട്ട് മില്യൺ യൂറോയ്‌ക്കാവും (8.4 മില്യൺ ഡോളർ) ലുക്കാക്കു ഇറ്റലിയിലേക്ക് മടങ്ങുക.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഞ്ച് വർഷത്തേക്ക് റെക്കോഡ് തുകയായ 115 മില്യണ്‍ യൂറോയ്‌ക്കാണ് ഇന്‍റര്‍മിലാനില്‍ നിന്നും ബെൽജിയൻ താരത്തെ ചെല്‍സി തിരിച്ചെത്തിച്ചത്. നേരത്തെ 2011 മുതൽ 2014 വരെ ചെല്‍സിയുടെ ഭാഗമായിരുന്നു 29കാരനായ ലുക്കാക്കു. സീസണില്‍ 15 ഗോളുകള്‍ നേടിയ താരം ടീമിന്‍റെ ടോപ് സ്‌കോററാണ്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ എട്ട് തവണ മാത്രമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ താരത്തിന് ലക്ഷ്യം കാണാനായത്. അവസാന 15 മത്സരങ്ങളിലാവട്ടെ വെറും മൂന്ന് തവണ മാത്രമാണ് ലുക്കാക്കു വലകുലുക്കിയത്.
ഇതിനിടെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് താരം ക്ലബുമായി ഇടയുകയും ചെയ്‌തു. ചെല്‍സിയില്‍ താന്‍ സന്തോഷവാനല്ലെന്നും സമീപ ഭാവിയില്‍ തന്നെ ഇന്‍റര്‍ മിലാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ലുക്കാക്കു പറഞ്ഞത്. പരിശീലകന്‍ തോമസ് ട്യൂഷലിന്‍റെ കളി രീതികളോട് തനിക്ക് വിയോജിപ്പുണ്ടെന്നും താരം പറഞ്ഞിരുന്നു.
also read: 'ബ്ലാസ്റ്റേഴ്‌സുമായി കളിക്കാൻ തയ്യാർ'; വുകമനോവിച്ചിന് മറുപടിയുമായി സ്റ്റിമാക്
ഇതേതുടര്‍ന്ന് ഹ്രസ്വകാലത്തേക്ക് ടീമിന് പുറത്തായ താരം ചെൽസിയോടും ക്ലബ്ബിന്‍റെ ആരാധകരോടും മാപ്പ് പറയാൻ നിർബന്ധിതനായിരുന്നു. ഇന്‍ററിനൊപ്പം 2021-ൽ സീരി എ കിരീടം നേടാന്‍ ലുക്കാക്കുവിന് കഴിഞ്ഞിരുന്നു.