ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ വമ്പന്മാരായ ലിവർപൂളും റയൽ മാഡ്രിഡും ഇന്ന് നേർക്കുനേരെത്തുന്നു. ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ രാത്രി ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ വർഷത്തെ ഫൈനലിന്‍റെ ഓർമകളുമായാണ് ഇരു സംഘങ്ങളും ഒരിക്കല്‍ കൂടി തമ്മില്‍ പോരടിക്കുന്നത്.
അന്ന് പാരിസില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലിവർപൂളിനെ തോല്‍പ്പിച്ചായിരുന്നു റയൽ ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ 14-ാം കിരീടം ഉയര്‍ത്തിയത്. ഈ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കടം തീര്‍ക്കാനാവും ലിവര്‍പൂളിന്‍റെ ശ്രമം. പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും എവർട്ടണിനും ന്യൂകാസിലിനുമെതിരായ അവസാന മത്സരങ്ങളില്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് യുർഗൻ ക്ലോപ്പിന്‍റെ സംഘം.
ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയ സാദിയോ മാനെ ഒഴിച്ചിട്ട വിടവ് നികത്താന്‍ കഴിയാത്ത സംഘത്തെ പ്രധാന താരങ്ങളുടെ പരിക്കുള്‍പ്പെടെയാണ് പ്രീമിയര്‍ ലീഗില്‍ പിന്നിലാക്കിയത്. എന്നാല്‍ അവസാന മത്സരങ്ങളില്‍ മുന്നേറ്റ നിരയിലെ പ്രധാനികളായ കോഡി ഗാക്‌പോ, ഡാർവിൻ നുനെസ് എന്നിവര്‍ ഗോളിച്ചത് ചെമ്പടയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
മറുവശത്ത് സൂപ്പര്‍ താരം കരിം ബെൻസേമ പരിക്ക് മാറി തിരിച്ചെത്തുന്നത് റയലിന് വമ്പന്‍ ആശ്വാസമാണ് നല്‍കുന്നത്. മധ്യനിരയിലെ പ്രധാനികളായ ടോണി ക്രൂസിന്‍റേയും ചുവാമെനിയുടെയും അഭാവത്തില്‍ കാമവിങ്ങയും ഡാനി സെബാലോസുമാവും പകരക്കാരാവുക. ഇന്നത്തെ മറ്റൊരു മത്സരത്തിൽ നാപ്പോളിയ്‌ക്ക് ഫ്രാങ്ക്ഫർട്ടാണ് എതിരാളി.
എവിടെ കാണാം: ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം ഇന്ത്യയിൽ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേഷണം ചെയ്യുക. സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ലിവർപൂൾ സാധ്യത ലൈനപ്പ്: ആലിസൺ ബെക്കർ (ഗോള്‍ കീപ്പര്‍), ആൻഡ്രൂ റോബർട്ട്സൺ, വിർജിൽ വാൻ ഡെക്ക്, ജോ ഗോമസ്, ട്രെന്‍റ് അലക്‌സാണ്ടർ-അർനോൾഡ്, ഹാർവി എലിയട്ട്, ഫാബിഞ്ഞോ, ജോർദാൻ ഹെൻഡേഴ്‌സൺ, ഡിയോഗോ ജോട്ട, കോഡി ഗാക്പോ, മുഹമ്മദ് സലാ.
റയൽ മാഡ്രിഡ് സാധ്യത ലൈനപ്പ്: തിബോട്ട് കോർട്ടോയിസ് (ഗോള്‍ കീപ്പര്‍), ഡേവിഡ് അലബ, അന്‍റോണിയോ റൂഡിഗർ, എഡർ മിലിറ്റോ, നാച്ചോ, ഡാനി സെബാലോസ്, എഡ്വാർഡോ കാമവിങ്ങ, ലൂക്കാ മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, വാൽവെർഡെ.