മാഡ്രിഡ്: ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലാണിതെന്നും പറയാം. ലീഗിന്‍റെ സെമിയില്‍ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും യഥാക്രമം സ്പാനിഷ് ടീമുകളായ റയൽ മാഡ്രിഡിനെയും വില്ലാറിയലിനെയുമാണ് നേരിടുന്നത്. ഈ ആഴ്‌ചയാണ് ആദ്യ പാദ സെമി മത്സരങ്ങള്‍ അരങ്ങേറുന്നത്.
മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ്: നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് റയല്‍ ലക്ഷ്യം വെക്കുമ്പോള്‍, തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തി ആദ്യ കിരീടമാണ് സിറ്റിയുടെ മനസിലുള്ളത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഏപ്രില്‍ 27ന് പുലര്‍ച്ചെ 12.30നാണ് ഈ മത്സരം ആരംഭിക്കുക.
13 തവണ റെക്കോർഡ് ചാമ്പ്യന്മാരായ റയല്‍ പ്രീക്വാര്‍ട്ടറില്‍ പിഎസ്‌ജിയേയും, ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയേയും കീഴടക്കിയാണെത്തുന്നത്. പരിക്കിന്‍റെ നിഴലിലുള്ള കാസെമിറോ, ഡേവിഡ് അലബ എന്നിവരെ കളത്തിലിറക്കാനാവുമോയെന്നത് കാർലോ ആഞ്ചലോട്ടിക്ക് ആശങ്കയാണ്. എന്നാല്‍ ഇരു താരങ്ങളും ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
മറുവശത്ത് അത്‌ലറ്റികോ മാഡ്രിഡ് ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് സിറ്റിയുടെ സെമിപ്രവേശനം. പരിക്കേറ്റ പ്രതിരോധ താരങ്ങളായ കെയ്‌ല്‍ വാക്കറും ജോൺ സ്റ്റോൺസും പുറത്തിരിക്കേണ്ടി വരുന്നതും കാൻസെലോയുടെ സസ്‌പെന്‍ഷനും സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയ്ക്ക് തലവേദനയാവും.
ലിവർപൂൾ vs വില്ലാറയൽ: ലിവര്‍പൂളിന്‍റെ തട്ടകമായ ആൻഫീൽഡിലാണ് വില്ലാറയൽ ആദ്യപാദ സെമിക്കിറങ്ങുന്നത്. ഏപ്രില്‍ 28ന് പുലര്‍ച്ചെ 12.30നാണ് ഈ മത്സരം ആരംഭിക്കുക. നോക്കൗട്ട് സ്റ്റേജില്‍ കരുത്തരായ യുവന്‍റസിനേയും ബയേൺ മ്യൂണിക്കിനേയും കീഴടക്കിയാണ് സ്പാനിഷ് ടീമായ വില്ലാറയല്‍ സെമിക്കെത്തുന്നത്.
കോച്ച് ഉനായ് എമെറിയുടെ തന്ത്രങ്ങളാണ് ടീമിന് കരുത്ത് പകരുന്നത്. സെവിയ്യക്ക് മൂന്ന് യൂറോപ്പ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത എമെറി കഴിഞ്ഞ വര്‍ഷം വില്ലാറയലിനേയും ഇതേകിരീടത്തിലേക്ക് നയിച്ചിരുന്നു. സ്പാനിഷ് ലീഗിൽ നിലവില്‍ ഏഴാം സ്ഥാനത്ത് തുടരുന്ന വില്ലാറയലിനെ 2005-06 സീസണിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്കെത്തിച്ചതും എമെറിയാണ്.
ലീഗില്‍ ഏഴാം കിരീടം ലക്ഷ്യം വെയ്‌ക്കുന്ന ലിവര്‍പൂളിന് സമീപകാലത്ത് ആൻഫീൽഡിൽ തോല്‍വിയറിഞ്ഞില്ലെന്ന ആത്മവിശ്വാസമുണ്ട്. പ്രീ ക്വാര്‍ട്ടറില്‍ ഇന്‍റര്‍ മിലാനെതിരെയുള്ള ഒറ്റഗോള്‍ തോല്‍വി ഒഴികെ ഡിസംബർ 28 ന് ശേഷം ആൻഫീൽഡിൽ കീഴടങ്ങാതെയാണ് ലിവര്‍പൂളിന്‍റെ മുന്നേറ്റം. ടീമില്‍ പരിക്കുകളില്ലെന്നത് യുര്‍ഗന്‍ ക്ലോപ്പിന് കനത്ത ആശ്വാസം നല്‍കുന്ന കാര്യമാണ്.