മാഡ്രിഡ് : സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതോടെ ഫുട്‌ബോളിനോട് വിടപറയുമെന്ന് കാർലോ ആഞ്ചലോട്ടി. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 63കാരനായ ആഞ്ചലോട്ടി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
'ഇത്തവണ റയല്‍ വിടുമ്പോള്‍ ഞാന്‍ എന്‍റെ കരിയര്‍ അവസാനിപ്പിക്കും. റയൽ മാഡ്രിഡ് ഫുട്‌ബോളിന്‍റെ ഏറ്റവും ഉന്നതിയിലുള്ള ക്ലബ്ബാണ്. അതിനൊപ്പം കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - ആഞ്ചലോട്ടി പറഞ്ഞു.
കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗ കിരീടം നേടിയതോടെ യൂറോപ്പിലെ അഞ്ച് ലീഗുകളും നേടുന്ന ആദ്യത്തെ പരിശീലകനാവാന്‍ ആഞ്ചലോട്ടിക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗ് നേട്ടത്തോടെയാണ് റയല്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ആഞ്ചലോട്ടിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് വിജയമായിരുന്നുവിത്.
സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന് പകരം 2021 ജൂണിലാണ് ആഞ്ചലോട്ടി റയലിലേക്ക് തിരിച്ചെത്തിയത്. എഎസ്. റോമ, എസി മിലാന്‍, ചെല്‍സി, ബയേണ്‍ മ്യൂണിക്, എവര്‍ട്ടണ്‍ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷമായിരുന്നു ആഞ്ചലോട്ടിയുടെ തിരിച്ചുവരവ്.
മൂന്ന് വര്‍ഷക്കരാര്‍ 2024ലാണ് അവസാനിക്കുക. ഇത് നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല. നേരത്തെ 2013 മുതൽ 2015 വരെയും ആഞ്ചലോട്ടി റയലിനെ പരിശീലിപ്പിച്ചിരുന്നു.