ടോക്കിയോ : കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മിന്നും ഫോം ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യൻഷിപ്പിലും തുടര്‍ന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്‍. പുരുഷ സിംഗിള്‍സ് വിഭാഗത്തിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഡെന്മാര്‍ക്കിന്‍റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ സോള്‍ബര്‍ഗ് വിറ്റിന്‍ഗസിനെയാണ് ലക്ഷ്യ സെന്‍ കീഴടക്കിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 20കാരനായ ലക്ഷ്യയുടെ വിജയം.
മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ലക്ഷ്യയ്‌ക്ക് വെല്ലുവിളിയാവാന്‍ 36കാരനായ ഡാനിഷ് താരത്തിന് കഴിഞ്ഞില്ല. 35 മിനിട്ടുകള്‍ മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍: 21-12, 21-11.
പുരുഷ സിംഗിള്‍സിലെ മറ്റൊരു ആദ്യ റൗണ്ട് മത്സരത്തില്‍ തോറ്റ ബി സായ് പ്രണീത് പുറത്തായി. തായ്‌വാന്‍റെ ചൗ ടിയാൻ ചെനിനോടാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പ്രണീത് തോല്‍വി വഴങ്ങിയത്. ആദ്യ സെറ്റ് കൈമോശം വന്ന പ്രണീത് രണ്ടാം സെറ്റ് പിടിച്ച് മത്സരത്തിലേക്ക് തിരിച്ച് വന്നിരുന്നു. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയാണ് തായ്‌വാന്‍ താരം മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-15, 15-21, 21-15.
അതേസമയം മിക്‌സഡ് ഡബിൾസിൽ തനിഷ ക്രാസ്‌റ്റോ-ഇഷാൻ ഭട്‌നാഗർ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ജർമനിയുടെ പാട്രിക് ഷീൽ-ഫ്രാൻസിസ്‌ക വോക്‌മാൻ ജോഡിയെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. 29 മിനിട്ടുമാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് തനിഷ-ഇഷാൻ ജോഡി ജയിച്ച് കയറിയത്. സ്‌കോര്‍: 21-13, 21-13.