ബെര്‍ലിന്‍: ഫിഫ ലോകകപ്പിന്‍റെ നടത്തിപ്പിനോട് അനുബന്ധിച്ച് ഖത്തറില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് ആരാധകരുടെ പ്രതിഷേധം. ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ ഉള്‍പ്പെടെ ജര്‍മനിയിലെ ഒട്ടുമിക്ക ക്ലബ്ബുകളുടെ ആരാധകരും പരസ്യപ്രതിഷേധമായി രംഗത്തെത്തി. ഖത്തറിനെതിരായ വിവിധ ബാനറുകളും പോസ്റ്ററുകളും സഹിതമാണ് ബുണ്ടസ് ലീഗ ആരാധകര്‍ ശനിയാഴ്‌ച നടന്ന മത്സരങ്ങള്‍ കാണാന്‍ എത്തിയത്.
'5,760 മിനിറ്റ് ഫുട്‌ബോളിനായി 15,000 ജീവനുകള്‍, ഷെയിം ഓണ്‍ യു' എന്ന് ഏഴുതിയ ബാനറാണ് ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തിനിടെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഹെർത്ത ബെർലിൻ ആരാധകര്‍ ഉയര്‍ത്തിയത്. സമാന രീതിയില്‍ ബയേണ്‍ ആരാധകരും പ്രതിഷേധിച്ചിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ ഹോം ഗ്രൗണ്ടില്‍ 'ബോയ്‌കോട്ട് ഖത്തർ 2022' എന്നെഴുതിയ ഒരു വലിയ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ലോകകപ്പ് ഒരുക്കത്തിനിടെ ഖത്തറില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ വിവിധ കോണുകളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോകകപ്പിനായുള്ള സ്റ്റേഡിയം നിര്‍മാണം ആരംഭിച്ച 2010 മുതല്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
6,500 തൊഴിലാളികളാണ് മരണപ്പെട്ടതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രതിഫലം തടഞ്ഞുവയ്ക്കല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ അനീതികള്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടുവെന്ന് ഈ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളിയ ഖത്തര്‍, 40ല്‍ താഴെ മരണങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് വാദിക്കുന്നത്.
Also Read: 'ഞാൻ ഇവിടെ ജനിച്ചു, ഇവിടെ മരിക്കും'; കാമ്പ് നൗവിനോട് വിട പറഞ്ഞ് ജെറാര്‍ഡ് പിക്വെ