ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മാഞ്ചസ്റ്റർ ഡെർബിയിലെ വിജയത്തിന് ശേഷമുള്ള യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിന്‍റെ വാക്കുകള്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. "നേരത്തെ ഞങ്ങള്‍ ഓരോ വ്യക്തികളായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു ടീമാണ്. ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു ടീമിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും" എന്നായിരുന്നു ബ്രൂണോ പറഞ്ഞത്.
ബ്രൂണോയുടെ വാക്കുകള്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിക്കുന്നതാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്ത് എത്തിയതോടെയാണ് വിവാദം കത്തിക്കയറിയത്. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രൂണോ. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും ക്രിസ്റ്റ്യാനോയെ ആക്രമിക്കാന്‍ എന്‍റെ പേര് ഉപയോഗിക്കരുതെന്നും ബ്രൂണോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
"മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്നാൽ വാർത്തകളിൽ നല്ല കാര്യമല്ലാതെ ഞങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. ക്രിസ്റ്റ്യാനോയെ ആക്രമിക്കാൻ എന്‍റെ പേര് ഉപയോഗിക്കരുത്.
സീസണിന്‍റെ പകുതിയോളം ക്രിസ്റ്റ്യാനോ ഞങ്ങളുടെ ടീമിന്‍റെ ഭാഗമായിരുന്നു. ഒത്തിണക്കത്തോടെ കളിച്ചാല്‍ നല്ല ഫലം ലഭിക്കുമെന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിയും. ഞങ്ങള്‍ക്ക് ഇതു തുടരേണ്ടതുണ്ട്", പോര്‍ച്ചുഗല്‍ ഇന്‍റര്‍നാഷണലായ ബ്രൂണോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.
യുണൈറ്റഡുമായുള്ള ബന്ധം നല്ല രീതിയിലായിരുന്നില്ല 37കാരനായ ക്രിസ്റ്റ്യനോ അവസാനിപ്പിച്ചത്. ഈ സീസണിന്‍റെ തുടക്കം മുതല്‍ക്ക് ക്ലബുമായി താരം അസ്വാരസ്യത്തിലായിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ നല്‍കിയ അഭിമുഖം വിവാദമായതോടെയാണ് കഴിഞ്ഞ നവംബറില്‍ താരവുമായുള്ള കരാര്‍ യുണൈറ്റഡ് റദ്ദാക്കുന്നത്.
യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് പറഞ്ഞ താരം പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് താരവുമായുള്ള കരാര്‍ പരസ്‌പര ധാരണയോടെ അവസാനിപ്പിക്കുകയാണെന്ന് യുണൈറ്റഡ് അറിയിക്കുകയായിരുന്നു.
പൊരുതിക്കയറി യുണൈറ്റഡ്: ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡ് തിരിച്ചടിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയത്. ജാക്ക് ഗ്രീലിഷാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60-ാം മിനിട്ടില്‍ കെവിന്‍ ഡി ബ്രൂയ്‌നിന്‍റെ അസിസ്റ്റിലാണ് ജാക്ക് ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചത്. എന്നാല്‍ 78-ാം മിനിട്ടില്‍ ബ്രൂണോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. കസെമിറോയുടെ ത്രൂബോളില്‍ അനായാസമാണ് താരം ലക്ഷ്യം കണ്ടത്. 82-ാം മിനിട്ടില്‍ യുണൈറ്റഡ് വിജയ ഗോളും കണ്ടെത്തി.
അലസാന്ദ്രോ ഗര്‍നാച്ചോ വഴിയൊരുക്കിയപ്പോള്‍ റാഷ്‌ഫോര്‍ഡ് വലകുലുക്കുകയായിരുന്നു. മത്സരത്തിന്‍റെ 71 ശതമാനവും പന്ത് കൈവശം വച്ചുവെങ്കിലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് മാത്രമാണ് സിറ്റിക്ക് തൊടുക്കാന്‍ കഴിഞ്ഞത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ യുണൈറ്റഡിന് കഴിഞ്ഞു. 18 മത്സരങ്ങളില്‍ 38 പോയിന്‍റാണ് യുണൈറ്റഡിന്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്‍റുള്ള സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ALSO READ: അര്‍ജന്‍റീനയുടെ ചങ്കിടിപ്പിച്ച വൗട്ട് വെഗോർസ്റ്റ്; മാൻയുവില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് പകരക്കാരനെത്തി