പാർക്ക് ഡെസ് പ്രിൻസസ്: ടുണീഷ്യക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ റാഫീഞ്ഞയുടെ ഇരട്ട ഗോളിന്‍റെ കരുത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ വിജയം കൊയ്‌തത്. ബ്രസീലിന്‍റെ സൂപ്പർ താരം നെയ്‌മറും പെനാൽറ്റിയിലൂടെ ഗോൾ വല കുലുക്കി. ബ്രസീലിന്‍റെ നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
മത്സരത്തിന്‍റെ 11-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ റാഫീഞ്ഞയാണ് ബ്രസീലിന്‍റെ ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ടത്. എന്നാൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് 18-ാം മിനിട്ടിൽ മോന്‍റസർ ടൽബിയിലൂടെ ടുണീഷ്യ തിരിച്ചടിച്ചുകൊണ്ട് സ്‌കോർ സമനിലയിലാക്കി. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ തന്നെ റിച്ചാർലിസണിലൂടെ ബ്രസീൽ ലീഡ് സ്വന്തമാക്കി.
ഇതിനിടെ 29-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി അനായാസം വലയിലെത്തിച്ച് നെയ്‌മർ സ്‌കോർ ഉയർത്തി. പിന്നാലെ 40-ാം മിനിട്ടിൽ റാഫീഞ്ഞ തകർപ്പനൊരു ഷോട്ടിലൂടെ തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതിനിടെ 42-ാം മിനിട്ടിൽ പ്രതിരോധ താരം ഡി ബ്രൊണ്‍ റെഡ് കാർഡ് കണ്ട് പുറത്ത് പോയത് ടുണീഷ്യയ്‌ക്ക് തിരിച്ചടിയായി. ഇതോടെ ആദ്യ പകുതി 4-1ന് ബ്രസീൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ 74-ാം മിനിട്ടിൽ ഫ്ലമെങ്കോ താരം പെഡ്രോ ബ്രസീലിന്‍റെ അഞ്ചാം ഗോളും സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പത്ത് താരങ്ങളുമായാണ് കളിച്ചതെങ്കിലും മികച്ച പ്രതിരോധം തീർത്ത ടുണീഷ്യ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.