ലണ്ടൻ: ജർമ്മൻ ടെന്നിസ് ഇതിഹാസം ബോറിക് ബെക്കറിന് രണ്ടരവർഷത്തെ തടവുശിക്ഷ. ബാങ്ക് വായ്‌പകൾ തിരിച്ചടയ്‌ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ സ്വത്ത് വകകൾ മറച്ചുവച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബോറിക് ബെക്കറിന് ശിക്ഷ വിധിച്ചത്. സ്‌പെയിനിലെ മയ്യോർക്കയിലുള്ള ആഡംബര എസ്റ്റേറ്റ് വാങ്ങുന്നതുമായി വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഇതിനിടെ വായ്‌പ തിരിച്ചടയ്‌ക്കാതിരിക്കാൻ 2017ൽ ബെക്കർ പാപ്പർ ഹർജി ഫയൽ ചെയ്‌തിരുന്നു. എന്നാൽ ഈ ഹർജി ഫയൽ ചെയ്യുമ്പോൾ ജര്‍മ്മനിയില്‍ 825,000 യൂറോ വിലവരുന്ന വസ്‌തുവും ഒരു ടെക്‌നോളജി സ്ഥാപനത്തില്‍ 66,000 പൗണ്ടിന്‍റെ നിക്ഷേപവും ബെക്കര്‍ മറച്ചുവെച്ചു. കൂടാതെ തന്‍റെ ബിസ്‌നസ് അക്കൗണ്ടിൽ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 390,000 പൗണ്ട് ട്രാൻസ്‌ഫർ ചെയ്‌തതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം പുറത്തുവരുന്ന ആരോപണങ്ങൾ ബോറിക് ബെക്കർ നിഷേധിച്ചു. നേരത്തെ കടം വീട്ടാൻ തനിക്ക് കിട്ടിയ മെഡലുകളെല്ലാം ബെക്കർ ലേലത്തിന് വെച്ചിരുന്നു. 17-ാം വയസിൽ ഗ്രാന്‍റ് സ്ലാം കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്‌ടിച്ച ബോറിക് ബെക്കർ കരിയറിൽ ആറ് ഗ്രാന്‍റ് സ്ലാം ഉൾപ്പെടെ 49 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.