റിയോഡി ജനീറോ: രാജ്യത്ത് ഫുട്‌ബോൾ പുനരാരംഭിക്കണമെന്ന് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയിർ ബോൾസനാരോ. രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുമ്പോഴാണ് പ്രസിഡന്‍റ് ഫുട്‌ബോൾ പുനരാരംഭിക്കാന്‍ ആവശ്യപെട്ടിരിക്കുന്നത്. ഫുട്‌ബോൾ കളിക്കാർ ചെറുപ്പമാണെന്നും അവർക്ക് കൊവിഡ് 19 പിടിപെട്ടാല്‍ മരിക്കാന്‍ സാധ്യത കുറവാണെന്നും അവർ അതിജീവിക്കുമെന്നും ബോൾസനാരോ പറഞ്ഞു. കായിക മേഖലയില്‍ നിന്നും വന്ന തനിക്ക് വൈറസ് പിടിപെട്ടാല്‍ ചെറിയ പനി വരാന്‍ മാത്രമെ സാധ്യതയുള്ളു. പ്രാദേശിക ലീഗുകൾ പുനരാരംഭിച്ചാല്‍ മാത്രമെ കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് ജീവിതം തള്ളിനീക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രസീലിലെ പ്രധാന ഫുട്‌ബോൾ ക്ലബുകളായ ഫ്ലെമിംഗോയും ബോട്ടാ ഫൊഗൊയും പ്രസിഡന്‍റിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുമ്പോൾ തീരെ പക്വതയില്ലാതെയാണ് പ്രസിഡന്‍റ് സംസാരിച്ചതെന്ന് ക്ലബ് അധികൃതർ പറഞ്ഞു. ബ്രസീലില്‍ കൊവിഡ് 19 ബാധിച്ച് ഇതിനകം 27,878 പേരാണ് മരിച്ചത്.