ലണ്ടന്‍: താന്‍ സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്ലബായ ബ്ലാക്‌പൂള്‍ സ്ട്രൈക്കര്‍ ജേക്ക് ഡാനിയൽസ്. തിങ്കളാഴ്‌ചയാണ് 17കാരനായ ജേക് ഡാനിയല്‍സ് താന്‍ സ്വവർഗാനുരാഗിയാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചത്. ഏതാണ് 32 വർഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ ഒരു പുരുഷ ഫുട്ബോളര്‍ താന്‍ ഗേയാണെന്ന പ്രഖ്യാപനം നടത്തുന്നത്.
"കളിക്കളത്തിന് പുറത്ത് യഥാര്‍ഥ എന്നെയും ഞാന്‍ ആരാണെന്നും മറച്ച് വെക്കുകയായിരുന്നു. എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ സ്വവർഗാനുരാഗിയാണെന്ന് എനിക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്. ഇപ്പോള്‍ അക്കാര്യം എല്ലാവരും അറിയണമെന്ന് തോന്നി. " ക്ലബ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്‌താവനയില്‍ താരം വ്യക്തമാക്കി.
17കാരനായ തന്‍റെ തുറന്ന് പറച്ചില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെയെന്നും ജേക്ക് ഡാനിയൽസ് പറഞ്ഞു. ''തങ്ങളുടെ ലൈംഗിക സ്വത്വം വെളിപ്പെടുത്താന്‍ പ്രയാസപ്പെടുന്ന പലരും എന്‍റെ ഇതേയിടത്തിലുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, എപ്പോഴും നിങ്ങള്‍ നിങ്ങളായിരിക്കുകയെന്നാണ്. മറ്റുള്ളവര്‍ക്കായി ഒന്നും തന്നെ മാറ്റേണ്ടതില്ല.'' ഡാനിയൽസ് വ്യക്തമാക്കി.
കുടുംബത്തോടും ടീമംഗങ്ങളോടും ഇക്കാര്യം വെളിപ്പെടുത്തിയപ്പോള്‍, താന്‍ അനുഭവിച്ച വലിയ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനായെന്നും താരം കൂട്ടിച്ചേര്‍ത്തു. യുകെയില്‍ ഇതിന് മുന്നെ മുന്‍ നോർവിച്ച്, നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്‌ട്രൈക്കർ ജസ്റ്റിൻ ഫാഷാനുവാണ് താന്‍ സ്വവർഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞത്. 1990ലാണ് താരത്തിന്‍റെ തുറന്ന് പറച്ചില്‍.
also read: 'ഒരേയൊരു നായകന്‍ മാത്രം'; ആര്‍ത്തുവിളിച്ച യുവന്‍റസ് ആരാധകരോട് വിട പറഞ്ഞത് ചില്ലിനി
അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിൽ നിന്ന് പ്രശംസ നേടിയ ഡാനിയൽസിന്, പിന്തുണ അറിയിച്ച് 20 പ്രീമിയർ ലീഗ് ക്ലബ്ബുകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്ലബായ അഡ്ലൈഡ് യുണൈറ്റഡ് താരം ജോഷ് കവാലോയാണ് ഡാനിയൽസിനെ കൂടാതെ നിലവില്‍ കളിക്കുന്ന സ്വവർഗാനുരാഗിയായ ഫുട്‌ബോളര്‍. കഴിഞ്ഞ ഒക്‌ടോബറിലാണ് താരം തന്‍റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തിയത്.