ന്യൂഡൽഹി : ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇന്ത്യൻ മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ. ഫിഫയുടെ ആവശ്യപ്രകാരം കമ്മിറ്റി ഓഫ് അഡ്‌മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ) പിരിച്ചുവിട്ടതിന് പിന്നാലെ എഐഎഫ്എഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള പുതിയ തീയതികൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൂട്ടിയ നാമനിർദേശ പത്രിക നൽകിയത്.
ബൂട്ടിയയെ ആന്ധ്ര - രാജസ്ഥാന്‍ ഫുട്ബോൾ അസോസിയേഷനുകള്‍ പിന്തുണച്ചതായി റിപ്പോർട്ടുകളുണ്ട്. സെപ്‌റ്റംബര്‍ രണ്ടിന് ഡൽഹിയിലെ എഐഎഫ്എഫ് ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കും. ഓഗസ്റ്റ് 25 മുതൽ 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
സൂക്ഷ്‌മ പരിശോധന 28ന് നടക്കും. ഓഗസ്റ്റ് 29 വരെ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. ഓഗസ്റ്റ് 30 ന് മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാറാക്കി എഐഎഫ്എഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും റിട്ടേണിംഗ് ഓഫിസർ ഉമേഷ് ശർമ വ്യക്തമാക്കി.
നേരത്തെ അസോസിയേഷനിൽ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്ന് ചൂണ്ടിക്കാട്ടി എഐഎഫ്എഫിനെ ഈ മാസം 15ന് ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഫിഫയുടെ നടപടിയിൽനിന്ന് രക്ഷപ്പെടാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഭരണത്തിനായി രൂപീകരിച്ച സമിതിയെ കോടതി പിരിച്ചുവിട്ടത്.