ബാഴ്‌സലോണ: സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 2022 ഡിസംബറില്‍ ഖത്തര്‍ ലോകകപ്പ് മുതല്‍ക്ക് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരവുമായി ഡീലുറപ്പിക്കാന്‍ ഫ്രഞ്ച് ക്ലബിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
മെസിയെ തിരികെ എത്തിക്കാന്‍ പഴയ ക്ലബായ എഫ്‌സി ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി പുറത്ത് വരുന്നുണ്ട്. മെസി നൗക്യാമ്പ് വിടാനുണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കവെയാണ് ബാഴ്‌സ താരത്തിനായി ശ്രമം നടത്തുന്നത്. ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട കാരണങ്ങളാലായിരുന്നു മെസിക്ക് ബാഴ്‌സ വിടേണ്ടിവന്നത്.
മെസിയെ തിരികെ എത്തിക്കുന്നതിനായി ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ലാ ലിഗ പ്രസിഡന്‍റ് ഹാവിയർ ടെബാസിനു മുന്നിൽ ബാഴ്‌സലോണ ചില പദ്ധതികള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ബാഴ്‌സയുടെ പദ്ധതികള്‍ ലാ ലിഗ വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ലാലിഗ ബാഴ്‌സക്ക് കൂടുതൽ നിർദേശം നൽകിയിട്ടുണ്ടന്നാണ് സൂചന. ലാലിഗയിലെ മറ്റു ടീമുകൾ പിന്തുടരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ ഉൾപ്പടെ എല്ലാ നിയമങ്ങളും പാലിക്കാൻ ബാഴ്‌സലോണയും തയ്യാറാവണമെന്ന നിർദേശമാണ് ലാലിഗ മുന്നോട്ട് വച്ചിട്ടുള്ളത്.
മെസിയെ തിരികെ എത്തിക്കുന്നതിനായി ബാഴ്‌സലോണ അവരുടെ വേതന ബില്ലിൽ നിന്ന് 200 മില്യൺ യൂറോ (218 മില്യൺ ഡോളർ) വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്. ഈ തുക ഏകദേശം 350 മില്യൺ യൂറോ (385 മില്യൺ ഡോളർ) ആയിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ബാഴ്‌സയ്‌ക്ക് നിലവിലുള്ള കളിക്കാരില്‍ ചിലരെ വില്‍ക്കുകയും മറ്റുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ട സ്ഥിതിയുമാണുള്ളത്.
ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ പാലിക്കുന്നതിനായി രണ്ട് വമ്പന്‍ താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സലോണ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പറയുന്നത്. ചിലവ് ചുരുക്കല്‍ പദ്ധതികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനായിരുന്നു ബാഴ്‌സ നേരത്തെ ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പില്‍ വരുത്താന്‍ ബാഴ്‌സ പ്രസിഡന്‍റ് ഹാവിയർ ടെബാസ് ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മെസിയെ തിരികെ എത്തിക്കുന്നതുള്‍പ്പെടെയുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റർ മിയാമി മെസിക്കായി താത്‌പര്യം പ്രകടിപ്പിച്ച് അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ബെക്കാം പിഎസ്‌ജി സന്ദർശിച്ച് മെസി ഉൾപ്പെടെയുള്ള താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയത് ഇതിന്‍റെ ഭാഗമാണെന്നാണ് അണിയറ സംസാരം. സൗദി ക്ലബുകളിൽ നിന്നും വൻ തുകയുടെ വാഗ്‌ദാനവും താരത്തിന് ലഭിച്ചിട്ടുണ്ട്.
അതിനാൽ, തങ്ങളുടെ പദ്ധതികള്‍ ലാലിഗയെ ഉടൻ ബോധ്യപ്പെടുത്താൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ലെങ്കിൽ മെസിയെ സ്വന്തമാക്കാനുള്ള അവിശ്വസനീയമായ അവസരം അവർക്ക് നഷ്‌ടമായേക്കാം. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള ഏറെ നീണ്ട ബന്ധം അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തെ കരാറില്‍ 2021ലാണ് മെസി പിഎസ്‌ജിയിലേക്ക് എത്തുന്നത്.
ALSO READ: അവസാന നിമിഷം സമനില; ചരിത്രത്തിലേക്കൊരു കിരീടത്തിനായി നാപോളി ഇനിയും കാത്തിരിക്കണം