ന്യൂഡല്‍ഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിന് പിന്നാലെ ഇന്ത്യൻ ഗുസ്തി താരം ബജ്രംഗ് പൂണിയയ്ക്ക് വീണ്ടും സ്വർണം. അലി അലെയിവ് ഇൻവിറ്റേഷണല്‍ ടൂർണമെന്റില്‍ 65 കിലോഗ്രാം വിഭാഗത്തിലായിരുന്നു താരത്തിന്റെ സ്വർണനേട്ടം.
ഫൈനലില്‍ റഷ്യൻ താരം വിക്ടർ റസ്സാദിനെ 13-8 എന്ന സ്കോറിനാണ് പൂണിയ മലർത്തിയടിച്ചത്. ആദ്യ റൗണ്ടില്‍ 3-7 പിന്നിലായിരുന്ന ഇന്ത്യൻ താരം അടുത്ത റൗണ്ടില്‍ 8-7 എന്ന നിലയില്‍ മുന്നിലെത്തി. പിന്നീട് തുടർച്ചയായി അഞ്ച് പോയിന്റുകൾ നേടിയാണ് ബജ്രംഗ് പൂണിയ മെഡല്‍ ഉറപ്പിച്ചത്.
ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പില്‍ കസാഖിസ്താന്റെ സായത്ബെക്ക് ഒക്കാസോവിനെ 12-7 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പറായ ബജ്രംഗ് പൂണിയ സ്വർണം കരസ്ഥമാക്കിയത്. അമേരിക്കയിലെ മാഡിസൺ സ്ക്വയറില്‍ നടക്കുന്ന ബീറ്റ് ദി സ്ട്രീറ്റ് മത്സരത്തിലാണ് പൂണിയ അടുത്തതായി പങ്കെടുക്കുന്നത്.