കോപ്പൻഹേഗൻ : ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ (Badminton World Championship 2023) പുരുഷ സിംഗിൾസിൽ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ച് മലയാളി താരം എച്ച് എസ് പ്രണോയിയും (HS Prannoy), ലക്ഷ്യ സെന്നും (Lakshya Sen). ലക്ഷ്യ കൊറിയയുടെ ജിയോണ്‍ ഹ്യോക്ക് ജിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചപ്പോൾ പ്രണോയ് ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർഡോയോയെ പരാജയപ്പെടുത്തി (Badminton World Championship 2023). അതേസമയം ഇന്ത്യൻ സൂപ്പർ താരം പി വി സിന്ധു (PV Sindhu) വനിത സിംഗിൾസിൽ രണ്ടാം റൗണ്ടിൽ തോൽവിയോടെ പുറത്തായി.
ജപ്പാന്‍റെ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ തോൽവി. 14-21, 14-21 എന്ന സ്‌കോറിനായിരുന്നു അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളുടെ ഉടമയായ സിന്ധു തോൽവി വഴങ്ങിയത്. കരിയറിൽ ആദ്യമായാണ് പതിനാറാം സീഡായ സിന്ധു ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്താകുന്നത്. നൊസോമി ഒകുഹാരയോട് ഏറ്റുമുട്ടിയ 18 മത്സരങ്ങളിൽ സിന്ധുവിന്‍റെ എട്ടാം തോൽവിയാണിത്.
രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർഡോയോയെ 21-9, 21-14 എന്ന സ്‌കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ഇന്തോനേഷ്യൻ താരത്തിന് ഒരു ഘട്ടത്തിൽ പോലും പ്രണോയിക്ക് വെല്ലുവിളി തീർക്കാൻ സാധിച്ചിരുന്നില്ല. നേരത്തെ ഒന്നാം റൗണ്ടിൽ ഫിൻലൻഡിന്‍റെ കല്ലേ കോൽജോനെനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. മൂന്നാം റൗണ്ടിൽ സിംഗപ്പൂരിന്‍റെ ലോഹ് കീൻ യുവാണ് പ്രണോയിയുടെ എതിരാളി.
ലോക 51-ാം നമ്പർ കൊറിയൻ താരം ജിയോൺ ഹിയോക് ജിന്നിനെ 21-11 21-12 ന് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്. രണ്ട് സെറ്റുകളിലും ഏകപക്ഷീയമായി മുന്നേറിയാണ് സെൻ വിജയം കൈവരിച്ചത്. 11-ാം സീഡായ സെൻ അടുത്ത റൗണ്ടിൽ തായ്‌ലൻഡിൽ നിന്നുള്ള മൂന്നാം സീഡായ കുൻലാവുട്ട് വിറ്റിഡ്‌സാറിനെ നേരിടാനാണ് സാധ്യത.
ഓസ്‌ട്രേലിയൻ ഓപ്പണിലെ ഫൈനൽ തോൽവിക്ക് ശേഷം കിരീടം ലക്ഷ്യമിട്ടാണ് പ്രണോയ് ലോക ചാമ്പ്യൻഷിപ്പിന് എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനോടാണ് പ്രണോയ് പരാജയപ്പെട്ടത്. അവസാനം വരെ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2-1 ന് പ്രണോയ് കിരീടം കൈവിടുകയായിരുന്നു. സ്‌കോർ 21-9, 21-23, 22-20.
ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. എന്നാൽ മൂന്നാം ഗെയിം പിടിച്ച് വെങ് ഹോങ് യാങ് കിരീടം ചൂടുകയായിരുന്നു. സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു പ്രണോയ് വെങ് ഹോങ് യാങ്ങിനെതിരെ ഇറങ്ങിയിരുന്നത്. നേരത്തെ മലേഷ്യന്‍ ഓപ്പണിൽ വെങ് ഹോങ് യാങ്ങിനെ പരാജയപ്പെടുത്തി പ്രണോയ് കിരീടം ചൂടിയിരുന്നു.