സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ (Australian Open Badminton) മുന്നേറ്റമുറപ്പിച്ച് ഇന്ത്യയുടെ മലയാളി താരം എച്ച്‌എസ് പ്രണോയ് (HS Prannoy) . പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക രണ്ടാം നമ്പറായ ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുക ജിന്‍റിങ്ങിനെയാണ് (Anthony Sinisuka Ginting ) പ്രണോയ് കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മലയാളി താരം മത്സരം പിടിച്ചത്.
73 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം ലോക ഒമ്പതാം നമ്പറായ പ്രണോയ് പിന്നില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു. സ്‌കോര്‍: 16-21, 21-17, 21-14. ഇതിന് മുന്നെ നാല് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം പ്രണോയും ആന്‍റണിയും വിജയിച്ചിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലായിരുന്നു ഇതിന് മുന്നെ ഇരുതാരങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്.
അന്ന് അവസാന ചിരി ഇന്തോനേഷ്യന്‍ താരത്തിനൊപ്പമായിരുന്നു. ഇതിന്‍റെ ആത്മവിശ്വസത്തിലായിരുന്നു ആന്‍റണി സിനിസുക ജിന്‍റിങ് പ്രണോയ്‌ക്കെതിരെ വീണ്ടും കളിക്കാനിറങ്ങിയത്. ആദ്യ സെറ്റില്‍ പ്രണോയ് തുടക്കം മുതല്‍ക്ക് തന്നെ പിന്നിലായിരുന്നു. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 11-6 എന്ന സ്‌കോറിന് മുന്നിലായിരുന്നു ആന്‍റണി.
ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ താരം തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും നാല് പോയിന്‍റ് ലീഡ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇന്തോനേഷ്യന്‍ താരം കളിച്ചത്. ഒടുവില്‍ 16-21 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കാനും ആന്‍റണിക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം സെറ്റ് പിടിച്ചുകൊണ്ട് ശക്തമായ തിരിച്ച് വരവാണ് പ്രണോയ് നടത്തിയത്.
തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടന്നത്. ഇതോടെ സ്‌കോര്‍ ഒരു ഘട്ടത്തില്‍ 9 - 9 എന്ന നിലയിലായിരുന്നു. പക്ഷേ, ഇടേവളയ്‌ക്ക് പിരിയും മുമ്പ് രണ്ട് പോയിന്‍റിന്‍റെ നേരിയ ലീഡുമായി പ്രണോയ് മുന്നിലെത്തി. തുടര്‍ന്ന് മികച്ച സ്‌മാഷുകളുമായി പൊരുതിക്കളിച്ച മലയാളി താരം 21 - 17 എന്ന സ്‌കോറിന് സെറ്റ് പിടിച്ച് ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കത്തില്‍ 4 - 0 എന്ന നിലയിലേക്ക് കളിയെത്തിക്കാന്‍ പ്രണോയ്‌ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ തിരിച്ചടിച്ച ആന്‍റണി 7 - 8 എന്ന നിലയിലേക്ക് കളിയെത്തിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന പ്രണോയ് പൊരുതിക്കളിച്ചതോടെ ആന്‍റണി കീഴടങ്ങുകയായിരുന്നു. ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത്താണ് സെമിയില്‍ പ്രണോയുടെ എതിരാളി. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് പ്രിയാന്‍ഷു രജാവത്തിന്‍റെ (Priyanshu Rajawat) വരവ്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രിയാന്‍ഷു രജാവത്ത് ശ്രീകാന്തിനെ വീഴ്‌ത്തിയത്. ഓർലിയൻസ് മാസ്റ്റേഴ്‌സ് ചാമ്പ്യനായ പ്രിയാന്‍ഷുവിനെതിരെ കാര്യമായ പോരാട്ടമില്ലാതെയാണ് ശ്രീകാന്ത് കീഴടങ്ങിയത്. സ്‌കോര്‍: 21-13, 21-8.
അതേസമയം ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോടായിരുന്നു (Beiwen Zhang) സിന്ധുവിന്‍റെ തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരം കളി പിടിച്ചത്. സ്‌കോര്‍ : 12-21, 17-21.