ലണ്ടന്‍: പുരുഷ ടെന്നീസ് താരങ്ങളുടെ ലോക റാങ്കിങ്ങില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ മറികടന്ന് റഷ്യന്‍ താരം ഡാനിൽ മെദ്‌വദേവ് ഒന്നാമത്. 8, 615 പോയിന്‍റോടെയാണ് 26കാരനായ മെദ്‌വദേവ് ഒന്നാം സ്ഥാനത്തെത്തിയത്.
എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന 27മത്തെ താരമാണ് മെദ്‌വദേവ്. അതേസമയം റെക്കോഡ് കാലയളവായ 361 ആഴ്‌ചകള്‍ക്ക് ശേഷമാണ് ജോക്കോ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കപ്പെട്ടത്. 8,465 പോയിന്‍റാണ് ജോക്കോയ്‌ക്കുള്ളത്.
2004ന് ശേഷം ജോക്കോവിച്ച്, റോജർ ഫെഡറർ, റാഫേൽ നദാൽ, ആൻഡി മറെ (ബിഗ് ഫോര്‍) എന്നിവരല്ലാത്ത ഒരാള്‍ ആദ്യമായാണ് ഒന്നാം റാങ്കിലെത്തുന്നത്. അതേസമയം പ്രസ്തുത നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ റഷ്യന്‍ താരം കൂടിയാണ് മെദ്‌വദേവ്. നേരത്തെ യെവ്‌ഗെനി കഫെല്‍നികോവ് (ആറ് ആഴ്‌ച) , മരാറ്റ് സാഫിന്‍ (ഒമ്പത് ആഴ്‌ച) എന്നിവരാണ് എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ റഷ്യന്‍ താരങ്ങള്‍.
ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് (7,515 പോയിന്‍റ്), സ്പാനിഷ് താരം റാഫേല്‍ നദാല്‍ (6,515 പോയിന്‍റ്), ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് (6,445 പോയിന്‍റ്) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.