മാഡ്രിഡ്: മാഡ്രിഡ് ഡെര്‍ബിയ്‌ക്കിടെ റയൽ താരം വിനീഷ്യസ് ജൂനിയറിനെതിരെ ചില ആരാധകരില്‍ നിന്നുണ്ടായ വംശീയ മുദ്രാവാക്യങ്ങളെ അപലപിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ഉത്തരവാദികളെ തിരിച്ചറിയാൻ അധികാരികളുമായി ചേര്‍ന്ന് പ്രവർത്തിക്കുമെന്ന് ക്ലബ്ബ് പ്രസ്‌താവനയില്‍ അറിയിച്ചു.
"വ്യത്യസ്‌ത ദേശീയത, സംസ്‌കാരങ്ങൾ, വംശങ്ങൾ തുടങ്ങിയവയില്‍ നിന്നുള്ള ആരാധകരെ ഉൾക്കൊള്ളുന്ന തുറന്ന ഇടമായാണ് ഈ ക്ലബ്ബ് എപ്പോഴും അറിയപ്പെടുന്നത്. എതിരാളികള്‍ക്ക് ബഹുമാനം നല്‍കി അഭിനിവേശത്തോടെ അത്‌ലറ്റിയെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് ആരാധകരുടെ പ്രതിച്ഛായ നശിപ്പിക്കാൻ ചിലർക്ക് കഴിയില്ല.
ഇത്തരം പ്രവൃത്തികള്‍ വലിയ വെറുപ്പും രോഷവും ഉളവാക്കുന്നു. വംശീയത അല്ലെങ്കിൽ വിദ്വേഷ സ്വഭാവമുള്ള അധിക്ഷേപങ്ങൾ ഉയര്‍ത്തുന്ന ഒരു വ്യക്തിയെയും ഞങ്ങളുടെ നിറങ്ങൾക്ക് പിന്നിൽ ഒളിക്കാൻ അനുവദിക്കില്ല," അത്‌ലറ്റിക്കോ മാഡ്രിഡ് പ്രസ്‌താനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്‌ച നടന്ന റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. അത്‌ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് കളി അരങ്ങേറിയത്. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന് തന്നെ ഒരു വിഭാഗം അത്‌ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിന് നേരെ വംശീയ അധിക്ഷേപം ആരംഭിച്ചിരുന്നു.
മത്സര സമയത്ത് ഗ്യാലറയിലും ഇത് തുടര്‍ന്നു. വിനീഷ്യസ് കുരങ്ങനാണെന്ന് നൂറുകണക്കിന് അത്‌ലറ്റിക്കോ ആരാധകരാണ് വിളിച്ച് പറഞ്ഞിരുന്നത്. ഇതിന് പുറമെ 'വിനീഷ്യസ് മരിക്കൂ' എന്ന വിളികളും ഉയര്‍ന്ന് കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
Also Read: വിനീഷ്യസിനെതിരെ കുരങ്ങന്‍ വിളികള്‍; എതിരാളികളെ ബഹുമാനിക്കാന്‍ ആരാധകരോട് അത്‌ലറ്റിക്കോ മാഡ്രിഡ്
സംഭവത്തെ അപലപിച്ച് സ്‌പാനിഷ് ലീഗും രംഗത്തെത്തിയിരുന്നു. ലാലിഗയിൽ വിദ്വേഷ പ്രസംഗത്തിന് സ്ഥാനമില്ലെന്നും ഇത്തരം കേസുകൾ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ക്ലബ്ബുകളുമായും അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും സ്‌പാനിഷ് ലീഗ് അറിയിച്ചു.
അതേസമയം ഗോള്‍ നേടിയ ശേഷമുള്ള വിനീഷ്യസിന്‍റെ നൃത്തത്തെ വംശീയമായി അധിക്ഷേപിച്ച സ്‌പാനിഷ് ഫുട്ബോൾ ഏജന്‍റ്‌സ് അസോസിയേഷന്‍ തലവൻ പെഡ്രോ ബ്രാവോയുടെ നടപടി നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗോളുകൾ ആഘോഷിക്കുമ്പോൾ വിനീഷ്യസ് ജൂനിയര്‍ 'കുരങ്ങുവേല' നിർത്തണമെന്നാണ് പെഡ്രോ പറഞ്ഞത്. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു മെട്രോപൊളിറ്റാനോയില്‍ അരങ്ങേറിയ സംഭവങ്ങള്‍.