മാഡ്രിഡ്: സ്‍പാനിഷ് ലീഗില്‍ അപൂർവ റെക്കോർഡുമായി അത്‍ലറ്റിക്കോ ബിൽബാവോ ഫോര്‍വേര്‍ഡ് ഇനാകി വില്യംസ്. ലീഗില്‍ തുടര്‍ച്ചയായി ആറ് വര്‍ഷം ബിൽബാവോയുടെ ഒരു മത്സരവും നഷ്ടപ്പെടുത്താതെയാണ് താരം അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
പരിക്ക്, പരിശീലകന്‍റെ അനിഷ്‌ടം, തുടര്‍ച്ചയായ ചുവപ്പ് കാര്‍ഡ് എന്നിങ്ങനെ ഫുട്ബോളിൽ ഒരുതാരം ടീമിന് പുറത്തിരിക്കാൻ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ 2016 ഏപ്രിലിന് ശേഷം ബിൽബാവോ കളിച്ച 227 മത്സരങ്ങളിലും ഇനാകി വില്യംസും പന്ത് തട്ടിയിരുന്നു. ഇതില്‍ 189 മത്സരങ്ങളിലും താരം സ്റ്റാര്‍ട്ടിങ് ഇലവനിലും ഉള്‍പ്പെട്ടു.
2014ല്‍ ബിൽബാവോയുടെ സീനിയർ ടീമിലെത്തിയ താരത്തിന് 2016 ഏപ്രിലിൽ മലാഗയ്ക്കെതിരായ മത്സരത്തിലാണ് അവസാനം പുറത്തിരിക്കേണ്ടി വന്നത്. അന്ന് തുടയ്‌ക്കേറ്റ പരിക്കാണ് 27കാരനായ ഇനാകിക്ക് തിരിച്ചടിയായത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, ലാലിഗയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ച താരമെന്ന ജുവാനൻ ലാറനാഗയുടെ റെക്കോഡും ഇനാകി തകർത്തിരുന്നു. തുടർച്ചയായി 202 മത്സരങ്ങൾ കളിച്ചതായിരുന്നു ലാറനാഗയുടെ റെക്കോഡ്. അതേസമയം ക്ലബിനായി ഇതേവരെ 333 മത്സരങ്ങളിൽ നിന്ന് 74 ഗോളുകള്‍ നേടിയിട്ടുണ്ട്. 44 അസിസ്റ്റും ഇനാകിയുടെ പേരിലുണ്ട്.