ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം. ജപ്പാനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. രാജ് കുമാർ പാലാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ പിറന്ന ഗോളിന് ഉത്തം സിങ്ങാണ് വഴിയൊരുക്കിയത്. മറുപടി ഗോളിന് ജപ്പാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉലയാതെ നിന്നു. നേരത്തെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയതാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
നാല് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. സഞ്‌ജീത്, രാജ് കുമാര്‍ പാല്‍, ശേഷ ഗൗഡ, മാരീശ്വരൻ ശക്തിവേൽ എന്നിവരാണ് ഇന്ത്യയ്‌ക്കായി ലക്ഷ്യം കണ്ടത്.
ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ സൂപ്പര്‍ ഫോറില്‍ മത്സരിച്ചിരുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക.
also read: ഇനി പുതിയ അധ്യായം, രാഷ്ട്രീയത്തിലേക്ക് എന്ന സൂചന നല്‍കി സൗരവ് ഗാംഗുലി
സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ, മലേഷ്യ, കൊറിയ എന്നീ ടീമുകള്‍ക്ക് അഞ്ച് പോയിന്‍റ് വീതമാണുണ്ടായിരുന്നത്. ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ മലേഷ്യയും കൊറിയയും ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഇതോടെയാണ് വെങ്കലമെഡലിനായി മൂന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരയ ജപ്പാനും ഏറ്റുമുട്ടിയത്.