ന്യൂയോര്‍ക്ക്: അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കുന്നു. അമേരിക്കന്‍-കനേഡിയന്‍ ലീഗായ മേജര്‍ ലീഗ് സോക്കറിന്‍റെ (എംഎല്‍സ്) ഈ സീസണോടെ ബൂട്ടഴിക്കുമെന്നാണ് ഹിഗ്വയ്‌ന്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എസില്‍ ഇന്‍റര്‍ മിയാമിയ്ക്ക് വേണ്ടിയാണ് 34കാരന്‍ നിലവില്‍ കളിക്കുന്നത്.
ടീമിനായി ഈ സീസണില്‍ ഇതുവരെ 14 മത്സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലീഗിന്‍റെ പ്ലേ ഓഫില്‍ കടന്ന ടീമിനൊപ്പം കിരീടം നേടി വിരമിക്കുന്നതാണ് സഹതാരങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമെന്ന് താരം പറഞ്ഞു.
"എന്‍റെ ഏറ്റവും വലിയ പ്രചോദനം എന്‍റെ ടീമംഗങ്ങളെ സഹായിക്കുക എന്നതാണ്. അവര്‍ക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവരോടൊപ്പം ഒരു ചാമ്പ്യനായി വിരമിക്കാൻ കഴിയുന്നതാണ്. കാരണം അവർ എന്നോടൊപ്പം ഉണ്ടായിരുന്നു, എന്‍റെ തകർച്ചയിൽ അവർ എന്നെ കണ്ടിട്ടുണ്ട്. ഈ പാതയിൽ അവർ എന്നെ സഹായിച്ചിട്ടുണ്ട്", ഹിഗ്വയ്‌ന്‍ പറഞ്ഞു.
ഒരു ചാമ്പ്യനായാണ് വിരമിക്കാന്‍ ആഗ്രഹിക്കുന്നത്. രണ്ട് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മത്സരങ്ങള്‍ കാണാന്‍ ആരാധകർ സ്റ്റേഡിയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സില്‍ ജനിച്ച ഹിഗ്വയ്ന്‍ അര്‍ജന്‍റീനയിലേക്ക് ചേക്കേറുകയായിരുന്നു. അര്‍ജന്‍റൈന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റിലൂടെയാണ് താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 2005 മുതല്‍ 2007 വരെ ഹിഗ്വയ്ന്‍ റിവര്‍പ്ലേറ്റിനുവേണ്ടി കളിച്ചു.
തുടര്‍ന്ന് യൂറോപ്പിലേക്ക് കൂടുമാറ്റിയ താരം റയൽ മാഡ്രിഡ്, യുവന്‍റസ്, ചെൽസി, എസി മിലാൻ, നാപ്പോളി എന്നിവയ്ക്കായി പന്ത് തട്ടിയിട്ടുണ്ട്. ക്ലബ് കരിയറിൽ 300-ലധികം ഗോളുകൾ നേടിയ ഹിഗ്വെയ്ൻ തന്‍റെ തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് ബൂട്ടഴിക്കുന്നത്.
മൂന്ന് ലാ ലിഗ കിരീടങ്ങളും മൂന്ന് സീരി എ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഒരു കോപ്പ ഡെല്‍ റേ കിരീടവും മൂന്ന് കോപ്പ ഇറ്റാലിയ കിരീടങ്ങളും വിവിധ ക്ലബുകള്‍ക്കൊപ്പം താരം സ്വന്തമാക്കിയിട്ടുണ്ട്.
അര്‍ജന്‍റീനയ്ക്കായി 75 മത്സരങ്ങളില്‍ നിന്നും 31 ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്. രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനക്കാരനാണ് നിലവില്‍ ഹിഗ്വയ്ന്‍. 2014ലെ ലോകകപ്പിന്‍റെ ഫൈനലിലെത്തിയ അര്‍ജന്‍റൈന്‍ ടീമില്‍ അംഗവുമായിരുന്നു താരം.