ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിരിക്കുന്ന അര്‍ജന്‍റീനയയ്‌ക്ക് ആശങ്കയായി സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ പരിക്ക്. ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിനെതിരായ മത്സരത്തിനിടെ തുടയ്‌ക്ക് പരിക്കേറ്റ ഡി മരിയയെ തിരിച്ച് വിളിച്ചിരുന്നു. തുടയിൽ അസ്വാസ്ഥ്യമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് മുൻകരുതലിന്‍റെ ഭാഗമായാണ് താരത്തെ തിരികെ വിളിച്ചതെന്നാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രതികരിച്ചത്.
എന്നാല്‍ ഡി മരിയ ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തതയുണ്ടായിട്ടില്ല. മരിയ കളിക്കാതിരുന്നാല്‍ എയ്ഞ്ചല്‍ കൊറേയ, പപു ഗോമസ്, ലാതുറോ മാര്‍ട്ടിനെസ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ യുവന്‍റസ് താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും ഇന്ന് കളിക്കാന്‍ സാധ്യതയുണ്ടെന്നും ചില അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ സീസണില്‍ പരിക്ക് വലയ്‌ക്കുന്ന താരം യുവന്‍റസിന്‍റെ ഏറെ മത്സരങ്ങളില്‍ നിന്നും പുറത്തായിരുന്നു. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് അര്‍ജന്‍റീന- ഓസ്‌ട്രേലിയ പോരാട്ടം നടക്കുക. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദിയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണം മാറ്റിയ ലയണല്‍ മെസിയുടെ സംഘം നിലവില്‍ മിന്നും ഫോമിലാണ്.
36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രീന്‍ ഫാല്‍ക്കണ്‍സ് കീഴടക്കിയിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും ഗംഭീര തിരിച്ചുവരവാണ് അര്‍ജന്‍റീന നടത്തിയത്. രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയേയും മൂന്നാം മത്സരത്തില്‍ പോളണ്ടിനെയും ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സംഘം തോല്‍പ്പിച്ചത്.