മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയത് ഞെട്ടിക്കുന്ന കാര്യമല്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിലൊന്നായ സിറ്റിയുടെ അവസാന 11 സീസണുകളിലെ ആറാമത്തെ ലീഗ് കിരീടമാണിത്. ലീഗിലുടനീളം മികച്ച പ്രകടനം നടത്തിയ കെവിൻ ഡി ബ്രൂയിനാണ് പെപ് ഗ്വാർഡിയോളയുടെ ടീമിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായകമായത്.
സാധാരണയിൽ നിന്നും വ്യത്യസ്‌തമായ ഒരു കിരീടനേട്ടമാണിത്. എടുത്തുപറയാൻ ഒരു സ്‌ട്രൈക്കറില്ലാതെയാണ് സിറ്റി ഇംഗ്ലീഷ് ഫുട്‌ബോളിന്‍റെ അതികായൻമാരായി വിരാജിക്കുന്നത്. ഡിഫൻസീവ് മിഡ്‌ഫീൽഡർ റോഡ്രി, സെന്‍റർ ബാക്ക് അയ്മെറിക് ലാപോർട്ടെ, പ്ലേമേക്കർ ബെർണാഡോ സിൽവ എന്നിവർ ഗ്വാർഡിയോളയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കളിക്കാരായിരിക്കുമെന്ന് സീസണിന്‍റെ തുടക്കത്തിൽ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. സിറ്റി മറ്റൊരു പ്രീമിയർ ലീഗ് നേടിയതെങ്ങനെയെന്ന് നോക്കാം.
സ്‌ട്രൈക്കറുടെ അഭാവം അലട്ടിയില്ല : സ്‌ട്രൈക്കർ ഇല്ലാതെ മുഴുനീള സീസൺ കളിച്ച സിറ്റി ലീഗ് വിജയിക്കുകയും 99 ഗോളുകളുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമെന്ന നേട്ടവും സ്വന്തമാക്കി. സെർജിയോ അഗ്യൂറോ ക്ലബ് വിട്ടതോടെ പകരം ഹാരി കെയ്നോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയോ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ട സിറ്റിയുടെ മുന്നേറ്റനിരയെ നയിച്ചത് മിഡ്‌ഫീൽഡർമാരായിരുന്നു.
ചില സമയങ്ങളിൽ, ഒരു സെന്‍റർ ഫോർവേഡിന്‍റെ അസാന്നിധ്യം സിറ്റിയെ അലട്ടിയെങ്കിലും ബോൾ-പ്ലേയിംഗ് മിഡ്‌ഫീൽഡർമാരിലൂടെ കൂടുതൽ നിയന്ത്രണം ചെലുത്തുന്നതിലും എതിർ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കുന്നതിലും വിജയം കണ്ടു. അടുത്ത സീസണിൽ സൂപ്പർതാരം എർലിംഗ് ഹാലാൻഡിന്‍റെ വരവോടെ സ്‌ട്രൈക്കർമാരുടെ ക്ഷാമത്തിന് അറുതിവരികയും സിറ്റി മുന്നേറ്റനിര കൂടുതൽ ശക്‌തിയാർജിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
വിന്നിംഗ് റൺ : തുടർച്ചയായി പന്ത്രണ്ട് വിജയങ്ങൾ, സാധ്യമായ 45 ൽ നിന്ന് 43 പോയിന്‍റുകൾ, ഒരു ഘട്ടത്തിൽ 14 പോയിന്‍റ് ലീഡ്. നവംബർ മുതൽ ജനുവരി വരെയുള്ള അപരാജിത കുതിപ്പാണ് സിറ്റിയുടെ കിരീടത്തിൽ നിർണായകമായത്. ലീഗിന്‍റെ അവസാനഘട്ടത്തിൽ ലിവർപൂളുമായി ലീഡ് നിലനിർത്താനായത് നിർണായകമായി. കടുപ്പമേറിയ മത്സരങ്ങൾ നേരിട്ട സിറ്റി ലീഗ് കപ്പിൽ വെസ്റ്റ് ഹാമിനോട് തോറ്റുപുറത്തായതിനാൽ ലിവർപൂളിനെയും ചെൽസിയെയും അപേക്ഷിച്ച് ലീഗിൽ കൂടുതൽ ആശ്വാസം ലഭിച്ചു.
ഡി ബ്രൂയ്‌നിന്‍റെ ഫിനിഷിങ്ങ് മികവ് : ഡി ബ്രൂയ്‌നെ സംബന്ധിച്ചിടത്തോളം ഇത് രണ്ട് പകുതികളുടെ സീസണാണ്. യൂറോയിലേറ്റ കണങ്കാൽ പരിക്കിൽ നിന്നും മോചിതനായ താരം പതിയെ തുടങ്ങി പിന്നീട് ഫോമിലെത്തുകയായിരുന്നു. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവർക്കെതിരെ നേടിയ പ്രധാന ഗോളുകൾക്കൊപ്പം വോൾവർഹാംപ്‌ടണിനെതിരെ നാല് ഗോളോടെയാണ് ഈ സീസണിലെ ഗോൾവേട്ട അവസാനിപ്പിച്ചത്. അവസാന മത്സരത്തിൽ ഗുണ്ട്വാൻ നേടിയ ഗോളിന് അവസരമൊരുക്കിയതും ഡി ബ്രൂയ്‌നായിരുന്നു. 30 കളികളിൽ നിന്ന് 15 ഗോളുകൾ നേടിയ താരം തുടർച്ചയായ മൂന്നാം തവണയും ഏറ്റവും മികച്ച ഇംഗ്ലീഷ് ഫുട്‌ബോളർ അവാർഡ് പട്ടികയിൽ മുൻപന്തിയിലാണ്.
സീസണിലെ പ്രധാന വിജയങ്ങൾ : കിരീടം നേടിയ സീസണിൽ ചില വിജയങ്ങൾ എല്ലായ്‌പ്പോഴും ഓർമിക്കാൻ ഇഷ്‌ടപ്പെടുന്നതാണ്. ലീഗിലെ ഹോ-എവേ മത്സരങ്ങളിൽ ചെൽസിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സിറ്റി രണ്ട് മത്സരങ്ങളിലും അവരെ തോൽപ്പിച്ച ഏക ടീമാണ്. പുതുവത്സര ദിനത്തിൽ ആർസണലിനെതിരെ 2-1 ന്‍റെ വിജയം. സ്റ്റോപ്പേജ് ടൈമിന്‍റെ മൂന്നാം മിനിറ്റിൽ റോഡ്രിയിലൂടെ വളരെ വൈകിയാണ് ജയം നേടിയത്.
ഏറ്റവും പ്രധാനമായത് അവസാന മത്സരത്തിൽ ആസ്‌റ്റൺ വില്ലക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമുള്ള തിരിച്ചുവരവാണ്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളാണ് സിറ്റി നേടിയത്. സിറ്റി തോറ്റിരുന്നെങ്കില്‍ ലിവര്‍പൂൾ കിരീടമുയര്‍ത്തുമായിരുന്നു.