പാരീസ്: ഫ്രഞ്ച് ഓപ്പണിൽ വനിത മത്സരങ്ങളെ തരം താഴ്‌ത്തിയുള്ള പരാമർശം വിവാദമായതിനെത്തുടർന്ന് സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫ്രഞ്ച് ഓപ്പണ്‍ ഡയറക്‌ടർ അമേലി മൗറോസ്‌മോ. ഫ്രഞ്ച് ഓപ്പണിൽ വനിതകളുടെ മത്സരങ്ങളേക്കാൾ മികച്ചത് പുരുഷൻമാരുടേതാണെന്നതായിരുന്നു അമേലിയുടെ പരാമർശം.
ഇതിനെതിരെ മുൻനിര താരങ്ങൾ ഉൾപ്പെടെ പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് വനിത മത്സരങ്ങൾ രാത്രി നടത്താത്തത് എന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നിരുന്നു. പിന്നാലെയാണ് ഖേദ പ്രകടനവുമായി അമേലി തന്നെ രംഗത്തെത്തിയത്.
ഞാൻ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. എന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കരിയറിലുടനീളം വനിത ടെന്നീസിലും ജീവിതത്തിലും തുല്യ അവകാശങ്ങൾക്കായി പോരാടിയ പോരാളിയാണ് ഞാനെന്ന് എന്നെ അറിയാവുന്നവർക്കറിയാം. അമേലി പറഞ്ഞു.
അടുത്ത വർഷം വനിത താരങ്ങൾക്ക് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും കൂടുതൽ രാത്രി മത്സരങ്ങൾ നടത്തുമെന്നും അമേലി വ്യക്‌തമാക്കി. മുൻ ടെന്നിസ് താരം കൂടിയായ അമേലി മൗറോസ്‌മോ രണ്ട് തവണ ഗ്രാൻഡ് സ്ലാം കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.