ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ വനിത സിംഗിൾസിൽ പി.വി സിന്ധുവും സൈന നെഹ്‌വാളും രണ്ടാം റൗണ്ടിൽ കടന്നു. സിന്ധു ആദ്യ റൗണ്ടിൽ ചൈനയുടെ സീ യി വാംഗിനേയും സൈന സ്പെയിനിന്‍റെ ബിയാട്രിസ് കൊറാലസിനേയും ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി.
ലോക ഏഴാം നമ്പർ താരമായ സിന്ധു 21-18, 21-13 എന്ന സ്‌കോറിനാണ് ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു മികച്ച രീതിയിൽ തുടങ്ങി. മികച്ച പ്രകടനത്തോടെ വാങ് ഷി യി തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും തുടക്കത്തിൽ നേടിയ ലീഡിന്‍റെ ബലത്തിൽ 21-18 ന് സിന്ധു ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ, ചൈനീസ് എതിരാളിയുടെ മേൽ ആധിപത്യം തുടർന്ന സിന്ധു 9-0 ന് ലീഡെടുത്ത് 21-13 ന് ഗെയിം നേടി. മത്സരം 42 മിനിറ്റിനുള്ളിൽ അവസാനിച്ചു. ടൂർണമെന്‍റിലെ ആറാം സീഡായ സിന്ധു രണ്ടാം റൗണ്ടിൽ ജപ്പാന്‍റെ സയാകാ തകഹാഷിയും തായ്‌ലൻഡിന്‍റെ സുപനിദ കതേതോംഗും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും.
അതേസമയം, ലോക റാങ്കിങ്ങിൽ 25-ാം റാങ്കുകാരിയായ സൈന നെഹ്‌വാൾ 21-17, 21-19 എന്ന സ്‌കോറിനാണ് ലോക 51-ാം നമ്പർ താരമായ സ്‌പെയിനിന്‍റെ ബിയാട്രിസ് കൊറാലെസിനെ പരാജയപ്പെടുത്തിയത്.
സൈന നെഹ്‌വാളിന്‍റെ ആദ്യ എതിരാളി ലോക പത്താം നമ്പർ തായ് താരം തായ്‌ലൻഡിന്‍റെ പോങ്ങ്‌പാവി ചോച്ചുവോങ്ങ് അവസാന നിമിഷം ടൂർണമെന്‍റിൽ നിന്ന് പിന്മാറിയതിന് പകരമാണ് കോറലെസ് ഇറങ്ങിയത് . രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ എതിരാളിയായി കിട്ടാൻ സാധ്യതയുണ്ട്.
പുരുഷ സിംഗിൾസിൽ എച്ച്.എസ് പ്രണോയ് ജർമ്മൻ ഓപ്പൺ ചാമ്പ്യനായ കുൻലാവുട്ട് വിറ്റിഡ്‌സാറിനോട് 21-15, 24-22 ന് തോറ്റപ്പോൾ മുൻ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ബി. സായ് പ്രണീത് ടോക്കിയോ ഒളിമ്പിക്‌സ് ചാമ്പ്യൻ വിക്‌ടർ അക്‌സെൽസനോട് 22-20, 21-11 എന്ന സ്‌കോറിന് തോറ്റു പുറത്തായി.
കഴിഞ്ഞയാഴ്‌ച ജർമ്മൻ ഓപ്പണിൽ വെള്ളി നേടിയ ലക്ഷ്യ സെൻ സഹതാരമായ സൗരഭ് വർമയ്‌ക്കെതിരെ കളിക്കും. ലോക റാങ്കിങ്ങിൽ 12-ാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് തായ്‌ലൻഡിന്‍റെ ലോക 21-ാം നമ്പർ താരമായ കാന്‍റഫോൺ വാങ്‌ചാരോൻ നേരിടും. പി. കാശ്യപ് ലോക അഞ്ചാം നമ്പർ ആൻറണി സിനിസുക ജിന്‍റിംഗിനെ നേരിടും.
ALSO READ: Tennis | ഇന്ത്യൻ വെൽസ് ഓപ്പണിന്‍റെ ക്വാർട്ടറിൽ കടന്ന് നദാൽ